സിൽവർലൈൻ : മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് എംഡി
Friday, June 24, 2022 12:50 AM IST
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കുന്നതിനായി കെ-റെയിൽ ഓണ്‍ലൈൻ സംവാദം സംഘടിപ്പിച്ചു.
ജനസമക്ഷം സിൽവർലൈൻ എന്നു പേരിട്ട പരിപാടിയിൽ കെ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റായി എത്തിയ സംശയങ്ങൾക്കാണ് കെ-റെയിൽ എംഡി വി. അജിത്കുമാറും മറ്റു വിദഗ്ദരും മറുപടി നൽകിയത്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കി മാത്രമേ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കൂവെന്ന് അദ്ദേഹം പറഞ്ഞു.
സിൽവർലൈൻ പദ്ധതി നിർത്തിവച്ചിട്ടില്ലെന്നും കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യ ആഘാത പഠനം നടക്കുന്നുണ്ടെന്നും എംഡി പറഞ്ഞു. കല്ലിടാത്ത സ്ഥലങ്ങളിൽ ജിയോ മാപ് വഴി പഠനം നടത്തും. പദ്ധതി മരവിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്നും എംഡി വ്യക്തമാക്കി.
കൊച്ചി മെട്രോയെയും സിൽവർ ലൈൻ പദ്ധതിയെയും താരതമ്യം ചെയ്യേണ്ടതില്ല. സിൽവർലൈൻ ലാഭത്തിൽ ആകുമെന്ന കാര്യത്തിൽ സംശയമില്ല. അമിത ചെലവ് വേണ്ടിവരുന്നതുകൊണ്ടാണ് സിൽവർലൈൻ ഹൈസ്പീഡ് മാതൃകയിൽ വിഭാവനം ചെയ്യാതിരുന്നത്.
ഏതൊരു പദ്ധതിയെയും എതിർക്കുന്നവർ തന്നെയാണ് സിൽവർ ലൈനിനെയും എതിർക്കുന്നത്. സിൽവർലൈൻ വരേണ്യ വർഗത്തിനു വേണ്ടിയുള്ള പദ്ധതിയാണെന്ന പ്രചാരണം ശരിയല്ല. സിൽവർലൈൻ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്നും കെ-റെയിൽ അധികൃതർ മറുപടി നൽകി.