പയ്യന്നൂർ സിപിഎമ്മിലെ ഫണ്ട് ക്രമക്കേട്; പാർട്ടിഘടകങ്ങളിൽ വിശദീകരിക്കും
Friday, June 24, 2022 12:50 AM IST
കണ്ണൂർ: പയ്യന്നൂര്‍ സിപിഎമ്മിലെ ഫണ്ട് വിവാദം കത്തിനിൽക്കെ പാർട്ടിഘടകങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തുന്നു. ഇതിനായി ഇന്ന് ഏരിയ കമ്മിറ്റി യോഗവും നാളെ മുതൽ ബ്രാഞ്ച് യോഗങ്ങളും നടക്കും.
ധനനഷ്ടമുണ്ടായിട്ടില്ലെന്നു നേതൃത്വം ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴും കഴിഞ്ഞ ഏരിയ കമ്മിറ്റി യോഗത്തില്‍ സാമ്പത്തിക വെട്ടിപ്പുകളുടെ കൃത്യമായ കണക്കുകളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയ മുൻ ഏരിയ സെക്രട്ടറി കുഞ്ഞിക്കൃഷ്ണൻ അവതരിപ്പിച്ചുവെന്നാണു സൂചന.
എന്നാൽ പരാതിക്കാരനായ കുഞ്ഞിക്കൃഷ്ണനെതിരേയും പാർട്ടി നടപടി സ്വീകരിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ വിശദീകരിക്കാനായി വിളിച്ചുചേര്‍ത്ത ലോക്കല്‍ യോഗങ്ങളിൽ നേതൃത്വത്തിന്റെ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധമുയരുകയും പാര്‍ട്ടി നിര്‍ദേശപ്രകാരം ഓഡിറ്റ് ചെയ്ത കണക്കുകള്‍ അവതരിപ്പിക്കണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. ചര്‍ച്ചകളും കൃത്യമായ മറുപടികളും ബ്രാഞ്ച് യോഗങ്ങളിലുണ്ടാകുമെന്ന മറുപടിയാണു നേതൃത്വം നല്‍കിയത്.
ഇതിനിടെ ആരോപണവിധേയര്‍ക്കെതിരേ സ്വീകരിച്ച മൃദുവായ അച്ചടക്കനടപടികളെ സാധൂകരിക്കുന്ന വിധത്തിലുള്ള കണക്കുകള്‍ തയാറാക്കാനുള്ള നീക്കം നടക്കുന്നതായി സൂചനയുണ്ട്. കഴിഞ്ഞ ഏരിയ കമ്മിറ്റി യോഗത്തില്‍ കുഞ്ഞിക്കൃഷ്ണന് അവതരിപ്പിച്ച കണക്കുകള്‍ മാറ്റിവച്ച് പുതിയ കണക്കുകളുണ്ടാക്കി അവതരിപ്പിക്കാനുള്ള നീക്കമാണു നടക്കുന്നത്. ഇതിലെ ദുരുദ്ദേശ്യം മനസിലാക്കി ഇതിനായി നിര്‍ദേശിക്കപ്പെട്ട രണ്ടു നേതാക്കള്‍ കണക്കുകളുണ്ടാക്കുന്നതില്നിന്നു പിന്മാറിയതായും സൂചനയുണ്ട്.
ആരോപണവിധേയരെ രക്ഷിക്കാനായി അവതരിപ്പിക്കുന്ന കണക്കുകള്‍ വീണ്ടും പ്രതിഷേധത്തിനിടയാക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മാത്രമല്ല ഈ കണക്കുകള്‍ ബ്രാഞ്ച് യോഗങ്ങളില്‍ പൊട്ടിത്തെറിക്കു വഴിവയ്ക്കാനുള്ള സാധ്യതയുമുണ്ട്.
കുറ്റക്കാരെന്നു കണ്ടെത്തിയവരെ ചില സ്ഥാനങ്ങളില്‍നിന്നു തരംതാഴ്ത്തി മൃദുനടപടികള് സ്വീകരിച്ചപ്പോള്‍ പ്രത്യക്ഷത്തില്‍ കടുത്ത ശിക്ഷയ്ക്കു വിധേയനാകേണ്ടിവന്നത് ഏരിയ സെക്രട്ടറിയായ കുഞ്ഞിക്കൃഷ്ണനായിരുന്നു. ഇതോടെ കുഞ്ഞിക്കൃഷ്ണന് ഏരിയ കമ്മിറ്റിയിലുള്‍പ്പെടെ ലഭിച്ച ശക്തമായ പിന്തുണയും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കെതിരേ ഉയര്‍ന്ന അസാധാരണമായ പ്രതിഷേധങ്ങളും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി.
തന്നെ മാറ്റി ഏരിയ സെക്രട്ടറിയുടെ ചുമതല മുൻ എംഎൽഎ ടി.വി. രാജേഷിനു നല്‍കിയതിൽ പ്രതിഷേധിച്ച് കുഞ്ഞിക്കൃഷ്ണൻ പൊതുപ്രവർത്തനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.