എസ്എഫ്ഐക്കാർക്കെതിരേ വധശ്രമത്തിനു കേസെടുക്കണം: എം.എം. ഹസൻ
Sunday, June 26, 2022 12:43 AM IST
തിരുവനന്തപുരം: എസ്എഫ്ഐക്കാർക്കെതിരേ വധശ്രമത്തിനു കേസെടുക്കണമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ. മുഖ്യമന്ത്രിയുടെ ആജ്ഞയ്ക്കനുസരിച്ച് ഇടതുമുന്നണി കണ്‍വീനർ ഇ.പി. ജയരാജൻ ആസൂത്രണം ചെയ്ത അക്രമമാണ് രാഹുൽഗാന്ധിയുടെ വയനാട്ടിലെ ഓഫീസിൽ എസ്എഫ്ഐക്കാർ നടത്തിയതെന്നും എം.എം. ഹസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ജൂണ്‍ 21ന് ഇ.പി. ജയരാജൻ കൽപ്പറ്റയിലെത്തി ബഫർ സോണ്‍ വിഷയത്തിൽ ഇടതുസർക്കാർ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നു പ്രഖ്യാപിച്ചിരുന്നു. അന്നുതന്നെ രാഹുൽഗാന്ധിയുടെ ഓഫീസിനു നേരെയുള്ള അക്രമം ആസൂത്രണം ചെയ്യുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് 24ന് എസ്എഫ്ഐക്കാർ അക്രമം നടത്തിയത്. കുട്ടിക്കുരങ്ങൻമാരെ കൊണ്ടു ചുടുചോറു വാരിക്കുന്നതു പോലെ കുട്ടി സഖാക്കളെക്കൊണ്ട് അക്രമം നടത്തിച്ച മുഖ്യമന്ത്രിയും ഇ.പി. ജയരാജനും ഇപ്പോൾ നടത്തുന്ന പ്രസ്താവനകൾ വെറും നാടകമാണെന്നും ഹസൻ പറഞ്ഞു.