കോട്ടയം ഡിസിസി ഓഫീസിനു നേരേ ആക്രമണം
Friday, July 1, 2022 11:59 PM IST
കോട്ടയം: കോട്ടയം ഡിസിസി ഓഫീസിനുനേരേ ആക്രമണം. എകെജി സെന്റർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധത്തിനിടെ ഡിസിസി ഓഫീസിലേക്ക് കല്ലും തീപന്തവും എറിയുകയായിരുന്നു. ഇന്നലെ പുലർച്ചെ 2.40നാണ് ആക്രമണമുണ്ടായത്.
കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഓഫീസിനു പോലീസ് കാവൽ നിൽക്കുന്പോഴായിരുന്നു ആക്രമണമുണ്ടായത്. എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നു സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
പ്രകടനമായി എത്തിയ സംഘം കല്ലുകളും തീപന്തങ്ങളും ഓഫീസിലേക്ക് വലിച്ചെറിയുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് ഡിസിസി ഓഫീസ് ആക്രമണത്തിനു പിന്നിലെന്ന് കോണ്ഗ്രസ് ആരോപിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിലെത്തി പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് ഇന്നലെ വൈകുന്നേരം നഗരത്തിൽ പ്രകടനവും ഗാന്ധി സ്ക്വയറിൽ ധർണയും നടത്തി.