മന്ത്രി വീണാ ജോർജിനെതിരേ ഐഎംഎ
Tuesday, August 9, 2022 1:09 AM IST
തിരുവനന്തപുരം: മന്ത്രി വീണാ ജോർജ് ഈ രീതിയിൽ മുന്നോട്ടു പോയാൽ കേരളത്തിലെ ആരോഗ്യ മേഖല തകരുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). അകാരണമായി മന്ത്രി ഡോക്ടർമാർക്കെതിരേ നടപടിയെടുക്കുകയാണ്.
മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാൻ മാത്രമേ ഇതുകൊണ്ട് സാധിക്കൂ. ആശുപത്രികളിൽ മരുന്നുകളില്ല. മന്ത്രിയുമായി സഹകരിക്കണമോയെന്നതിൽ ആലോചിക്കേണ്ടി വരുമെന്നും ഐഎംഎ ഭാരവാഹികൾ വ്യക്തമാക്കി.
നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങൾ നിലവിലില്ല. കാരുണ്യ ഫാർമസികളിൽ നിന്നും മരുന്നുകൾ ലഭിക്കുന്നില്ല. ഇക്കാര്യങ്ങൾ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കൈയടി നേടുന്നതിനായി തിരുവല്ല ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമവിചാരണയ്ക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികൾ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാമെന്നും ഭാരവാഹികൾ പറഞ്ഞു.
എന്നാൽ ഡോക്ടർമാരുടെത് സ്വാഭാവിക പ്രതികരണമാണെന്നായിരുന്നു മന്ത്രി വീണാ ജോർജിന്റെ മറുപടി.