റിസര്‍വ് വനത്തില്‍നിന്നു തേക്കുമരങ്ങള്‍ കടത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Thursday, August 11, 2022 12:52 AM IST
കാസര്‍ഗോഡ്: കാറഡുക്ക ഫോറസ്റ്റ് സെക്ഷനിലെ മുളിയാര്‍ ഇരിയണ്ണി അരിയില്‍ റിസര്‍വ് വനത്തില്‍നിന്നു തേക്കുമരങ്ങള്‍ മുറിച്ചുകടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. ഇരിയണ്ണി അരിയില്‍ ബ്രാഞ്ച് സെക്രട്ടറി തീയ്യടുക്കം സ്വദേശി സുകുമാരന്‍ നായരാണ് (59) അറസ്റ്റിലായത്. 12 ലക്ഷത്തോളം രൂപ വരുന്ന തേക്കുമരമാണ് വനത്തില്‍നിന്ന് മുറിച്ചുകടത്തിയത്.
റിട്ട. ആരോഗ്യവകുപ്പ് ജീവനക്കാരനായ സുകുമാരന്‍ നായര്‍ സര്‍ക്കാര്‍ വനത്തിനു സമീപത്തായി ഭൂമി വാങ്ങിയിരുന്നു. ഈ സ്ഥലത്തോടു ചേര്‍ന്ന വനത്തില്‍നിന്നാണു മരങ്ങള്‍ മുറിച്ചുകടത്തിയത്. സ്വന്തം ഭൂമിയില്നിന്നാണു മരങ്ങള്‍ മുറിച്ചതെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.
വനംവകുപ്പ് അധികൃതര്‍ സ്ഥലത്ത് നേരിട്ടെത്തി നടത്തിയ അന്വേഷണത്തിൽ വനഭൂമിയില്‍നിന്നാണ് മരങ്ങൾ മുറിച്ചതെന്നു കണ്ടെത്തുകയായിരുന്നു. മുറിച്ചുമാറ്റിയ തടികള്‍ തൊട്ടടുത്തുള്ള മരമില്ലില്നിന്നു കണ്ടെത്തി. കാസര്‍ഗോഡ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.