സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ
Thursday, August 11, 2022 1:43 AM IST
തൃശൂർ: പെരിഞ്ഞനത്ത് സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ അറസ്റ്റ് ചെയ്തു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യയും കൊടുങ്ങല്ലൂർ കരൂപ്പടന്ന കളാംപുരയ്ക്കൽ റഹീമിന്റെ മകളുമായ അഫ്സാന (21) ആണു മരിച്ചത്.
ഈ മാസം ഒന്നിനാണ് മൂന്നുപീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ വച്ച് അഫ്സാന ആത്മഹത്യക്കു ശ്രമിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. ചൊവ്വാഴ്ച രാത്രിതന്നെ കയ്പമംഗലം പോലീസ് ഭർത്താവ് അമലിനെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഒന്നര വർഷം മുന്പാണ് ഇവർ വിവാഹിതരായത്. പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. അഫ്സാന ലാബ് ടെക്നീഷ്യനും അമൽ മൊബൈൽ ഫോണ് കടയിലെ ജീവനക്കാരനുമാണ്.