വിസി നിയമനത്തിൽ സർക്കാർ നിലപാട് ദുരൂഹം: കെ. സുധാകരൻ
Thursday, August 18, 2022 12:27 AM IST
തിരുവനന്തപുരം: സർവകലാശാല ഭരണത്തിൽ കൈകടത്താനും പിൻവാതിൽ നിയമനങ്ങൾ സുഗമമാക്കാനും വേണ്ടിയാണ് വൈസ് ചാൻസലർ നിയമനത്തിൽ സർക്കാർ പുതിയ ബില്ല് കൊണ്ടുവരുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി.
ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശിപാർശയിൽ സർക്കാരിന്റെ പുതിയ നീക്കത്തിനു പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. കഴിവും പ്രാപ്തിയുമുള്ളവരെ പടിക്കു പുറത്തുനിർത്തി അടിസ്ഥാനയോഗ്യത പോലുമില്ലാത്ത സിപിഎം നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും വഴിവിട്ട നിയമനം നൽകുകയാണ്.
സർവകലാശാലകളിൽ പ്രഫസർമാരായി സമീപകാലത്ത് നിയമിക്കപ്പെട്ട ചില സഖാക്കളുടെ ഭാര്യമാരുടെ യോഗ്യത പരിശോധിച്ചാൽ ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യക്ഷമത കൂടുതൽ വ്യക്തമാകും. മന്ത്രി പി. രാജീവിന്റെ ഭാര്യക്ക് കൊച്ചി സർവകലാശാലയിൽ നിയമനം, മുൻ എംപി പി.കെ. ബിജുവിന്റെ ഭാര്യക്ക് കേരള സർവകലാശാലയിൽ നിയമനം, സ്പീക്കർ എം.ബി. രാജേഷിന്റെ ഭാര്യക്ക് സംസ്കൃത സർവകലാശാലയിൽ നിയമനം, എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യയെ കാലിക്കറ്റ് സർവകലാശാലയിൽ നിയമിക്കാൻ നീക്കം എന്നിങ്ങനെ സർവകലാശാലകളെ തകർക്കുന്ന സിപിഎമ്മിന്റെ കൈകടത്തലുകളുടെ പട്ടിക നീണ്ടുപോകുകയാണ്. ഇത്തരം ക്രമവിരുദ്ധനിയമനങ്ങൾ തുടരാനും ചോദ്യംചെയ്യപ്പെടാതിരിക്കാനുമാണ് വിസി നിയമനവുമായി ബന്ധപ്പെട്ട സർക്കാരിന്റെ കുത്സിതനീക്കമെന്നും സുധാകരൻ പറഞ്ഞു.