കോടിയേരി കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നു പ്രവർത്തിച്ച വിപ്ലവകാരി: എം.വി. ഗോവിന്ദൻ
Friday, October 7, 2022 12:50 AM IST
തിരുവനന്തപുരം: അര നൂറ്റാണ്ടുകാലം കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ച വിപ്ലവകാരിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അയ്യങ്കാളി ഹാളിൽ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോടിയേരി ബാലകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കലെങ്കിലും പരിചയപ്പെട്ടിട്ടുള്ള, മനസുകൊണ്ട് സ്നേഹിച്ച പതിനായിരങ്ങളാണ് കോടിയേരിയെ അവസാനമായി കാണാൻ പയ്യാന്പലത്തേക്ക് ഒഴുകിയെത്തിയത്. എത്ര സങ്കീർണമായ പ്രശ്നം ആണെങ്കിലും അത് പരിഹരിക്കുന്നതിന് അസാമാന്യമായ പാടവം കോടിയേരിയുടെ പ്രത്യേകതയായിരുന്നു.
ആഭ്യന്തരവകുപ്പ് ഏറ്റവും നന്നായി കൈകാര്യം ചെയ്ത മന്ത്രിമാരിൽ ഒരാൾ. വിനോദസഞ്ചാരവകുപ്പിന് പുതിയ ഒരു ദിശ പകർന്നു നല്കിയത് കോടിയേരിയായിരുന്നു.
കേരള രാഷ്ട്രീയത്തിൽ കോടിയേരി ബാലകൃഷ്ണൻ അപൂർവ സമീപനത്തിന്റെ ചിത്രംവരച്ച വ്യക്തിത്വമായിരുന്നുവെന്ന് മലങ്കര കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുസ്മരിച്ചു.
കോടിയേരി എന്ന കമ്യൂണിസ്റ്റുകാരന്റെ സമീപനത്തിലെ ഹൃദ്യത സ്പർശനീയമാണ്. പ്രതിസന്ധികളെ തരണം ചെയ്യുന്നതിൽ പ്രത്യേക വൈഭവം അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഹൃദ്യമായ പെരുമാറ്റം അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. നാം വിചാരിച്ചതിനും അപ്പുറമാണ് കോടിയേരി ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ ഇടം നേടിയതെന്നും അതിന്റെ തെളിവായിരുന്നു തലശേരിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങളെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
അഞ്ചു പതിറ്റാണ്ട് കാലം ജനങ്ങളോടൊപ്പം നിന്ന് രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിത്വമായിരുന്നു കോടിയേരിയെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിലെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്നു. എൽഡിഎഫിനും ജനാധിപത്യ വിശ്വാസികൾക്കും തീരാനഷ്ടമാണ് കോടിയേരിയുടെ വേർപാട്. പരസ്പരം സ്നേഹിക്കുകയും കരുതുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിനെയാണ് നഷ്ടമായതെന്നും കാനം കൂട്ടിച്ചേർത്തു. അനുസ്മരണ സമ്മേളനത്തിൽ വിവിധ രാഷ്ട്ട്രീയ കക്ഷി നേതാക്കളും സാമൂഹ്യ സാംസ്കാരിക രംഗത്തെ ആളുകളും പങ്കെടുത്തു.