കൊച്ചുപ്രേമൻ വിടവാങ്ങി
Sunday, December 4, 2022 12:54 AM IST
തിരുവനന്തപുരം: വിടർന്ന ചിരിയിലൂടെയും വേറിട്ട അഭിനയ ശൈലിയിലൂടെയും എണ്ണമറ്റ കഥാപാത്രങ്ങളെ തിരശീലയിൽ അനശ്വരമാക്കിയ നടൻ കൊച്ചുപ്രേമൻ (66) അന്തരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് പൂജപ്പുര തിരുമലയിലെ സ്വവസതിയായ ചിത്തിരയിൽവച്ച് അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.
250 ഓളം സിനിമകളിൽ അഭിനയിച്ച അദ്ദേഹം നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് ചുവടുവച്ചത്. നിരവധി സീരിയലുകളിലും അഭിനയിച്ചു. തിരുവനന്തപുരം പേയാട് ശിവരാമ ശാസ്ത്രികളുടെയും കമലത്തിന്റെയും മകനായി 1955 ജൂണ്‍ ഒന്നിനായിരുന്നു ജനനം.
1979 ൽ റിലീസായ ഏഴു നിറങ്ങളാണ് ആദ്യസിനിമ.
സിനിമ-സീരിയൽ താരമായ ഗിരിജയാണ് ഭാര്യ. മകൻ: ഹരികൃഷ്ണൻ. മരുമകൾ: റഷ്ലി