സാന്പത്തിക പ്രതിസന്ധി: ബജറ്റിൽ കൂടുതൽ പദ്ധതികളില്ല
Thursday, January 26, 2023 1:08 AM IST
തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയെത്തുടർന്ന് സംസ്ഥാന ബജറ്റിൽ കൂടുതൽ പദ്ധതികൾ ഉൾപ്പെടുത്തേണ്ടതില്ലെന്നു മന്ത്രിസഭായോഗത്തിൽ ധാരണ.
ബജറ്റിൽ കഴിഞ്ഞ വർഷത്തേതിനു സമാനമായ തോതിൽ വിവിധ വകുപ്പുകൾക്കുള്ള വിഹിതം നീക്കിവയ്ക്കാനും തീരുമാനിച്ചു. ഇതിനനുസരിച്ചുള്ള പദ്ധതി നിർദേശങ്ങളാകും ബജറ്റിൽ ഉൾപ്പെടുത്തുക. വരുന്ന ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുക.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പ്രധാന ചർച്ചാവിഷയം ബജറ്റിൽ വിവിധ വകുപ്പുകൾക്കായി നീക്കിവയ്ക്കേണ്ട പദ്ധതിത്തുകയുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. പദ്ധതി അടങ്കലിന്റെ അടിസ്ഥാനത്തിൽ ഓരോ വകുപ്പിനും നീക്കിവയ്ക്കുന്ന വിഹിതവും പദ്ധതി നിർദേശങ്ങളും ചർച്ച ചെയ്തു.
കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന പദ്ധതി അടങ്കലായ 30,370 കോടി തന്നെ ഇത്തവണയും പദ്ധതി അടങ്കലായി കഴിഞ്ഞ ആഴ്ചയിൽ ചേർന്ന സംസ്ഥാന ആസൂത്രണബോർഡ് യോഗം അംഗീകരിച്ചിരുന്നു.