കൊച്ചിയിൽ ഹോട്ടല്‍ ജീവനക്കാരൻ കുത്തേറ്റു മരിച്ചു
Saturday, February 4, 2023 5:45 AM IST
കൊച്ചി: പാലക്കാട് കൊല്ലങ്കോട് സ്വദേശിയും ഹോട്ടല്‍ ജീവനക്കാരനുമായ സന്തോഷ് പൊന്നിച്ചാമിയെ (41) നഗരത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ഇന്നലെ പുലര്‍ച്ചെ നാലരയോടെ എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തിനു മുന്നിലാണ് സന്തോഷിനെ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഇതുവഴി പോയ ഓട്ടോറിക്ഷാ ഡ്രൈവറാണ് സന്തോഷിനെ ആദ്യം കണ്ടത്. സന്തോഷിനെ ഉടന്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തുടര്‍ന്നു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. സന്തോഷിന്റെ മുതുകില്‍ ആഴത്തിലുള്ള മൂന്നു മുറിവുകളാണുള്ളത്. കത്തിക്കു സമാനമായ ആയുധം ഉപയോഗിച്ച് കുത്തിയതാണെന്നാണ് പോലീസിന്റെ നിഗമനം. പ്രദേശത്തെ സിസിടിവികളടക്കം പരിശോധിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഹോട്ടലില്‍ 10 വര്‍ഷമായി ജോലി ചെയ്തു വരികയായിരുന്നു സന്തോഷ്. സംഭവദിവസം എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവം കാണാനാനെന്നു പറഞ്ഞാണ് ഇയാള്‍ താമസസ്ഥലത്തു നിന്നു പോയത്.
അംബേദ്കര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയോടു ചേര്‍ന്നുള്ള ഭാഗത്തുവച്ചാണ് ഇയാള്‍ക്കു കുത്തേറ്റത്. ഇവിടെ നിന്നു പുറത്തേക്ക് ഓടി വരുന്നതിനിടെ പ്രധാന ഗേറ്റിനു പുറത്തായി വീഴുകയായിരുന്നു.