കേബിൾ കഴുത്തിൽ കുരുങ്ങി വീട്ടമ്മയുടെ മരണം;വ്യാപക പ്രതിഷേധം
Wednesday, February 8, 2023 12:29 AM IST
കായംകുളം: പ്രാദേശിക ചാനലിന്റെ റോഡിൽ പൊട്ടിവീണ കേബിൾ വയർ കഴുത്തിൽ കുരുങ്ങി ബൈക്കിൽനിന്നു തെറിച്ചുവീണ വീട്ടമ്മ മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ (57) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10.30നായിരുന്നു അപകടം.
എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂരിലുള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും ബൈക്കിൽ തിരികെ സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയിൽ കായംകുളം ഇടശേരി ജംഗ്ഷനു കിഴക്കുവശമായിരുന്നു അപകടം.
ഭർത്താവ് വിജയനാണ് ബൈക്ക് ഓടിച്ചത്. റോഡിൽ കുറുകെ കിടന്ന കേബിൾ വയർ ബൈക്കിനു പിന്നിലിരുന്ന ഉഷയുടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഉഷയെ ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കുശേഷം കലാരൂപങ്ങൾ കൊണ്ടുപോയ വാഹനം തട്ടിയാണ് കേബിൾ പൊട്ടി വീണതെന്ന് പ്രദേശവാസികൾ പറഞ്ഞു. കേബിളുകൾ പലേടത്തും താഴ്ന്നു കിടക്കുകയും പൊട്ടിവീണു കിടക്കുകയും ചെയ്യുന്നതു വൻ അപകടസാധ്യതയാണ് ഉയർത്തുന്നത്.