ചോദ്യോത്തരവേള ഇന്നലെയും തടസപ്പെട്ടു
Tuesday, March 21, 2023 1:10 AM IST
തിരുവനന്തപുരം : പ്രതിപക്ഷം മുന്നോട്ടുവച്ച കാര്യങ്ങളിൽ തീരുമാനമെടുക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ഇന്നലെയും പ്രതിപക്ഷം സഭാ നടപടികൾ സ്തംഭിപ്പിച്ചു.
രാവിലെ സ്പീക്കർ എ.എൻ.ഷംസീർ എത്തിയപ്പോൾ തന്നെ പ്രതിപക്ഷം പ്ലക്കാർഡുകളുമായി മുദ്രാവാക്യം വിളി തുടങ്ങി. സ്പീക്കർ സഭാ നടപടികളുമായി മുന്നോട്ടു പോയി. പ്രതിപക്ഷം ബാനറുമായി സ്പീക്കറുടെ മുന്നിലെത്തി പ്രതിഷേധം കടുപ്പിച്ചു.
ചോദ്യോത്തരവേള അരമണിക്കൂർ പിന്നിട്ടപ്പോൾ സഭാ നടപടികൾ നിർത്തിവയ്ക്കുന്നതായി പറഞ്ഞു സ്പീക്കർ സഭ വിട്ടു. സഭയിലുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ടു പ്രതിപക്ഷം മുന്നോട്ടുവച്ച കാര്യങ്ങളിൽ ഇതുവരെയും തീരുമാനമായിട്ടില്ലെന്നും ഏഴ് എംഎൽഎമാർക്കെതിരായി പത്തു വർഷം തടവുശിക്ഷ കിട്ടുന്ന കള്ളക്കേസെടുത്തതിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
രാഹുൽഗാന്ധിയുടെ വീട്ടിലേക്കു പോലീസിനെ അയച്ച മോദിയുടെ അതേ മനോഭാവമാണു എംഎൽഎമാർക്കെതിരെ കള്ളക്കേസെടുത്ത സർക്കാരിന്റേതെന്നും വി.ഡി.സതീശൻ പറഞ്ഞു.
ബഹളം ശക്തമായതോടെ രാവിലെ 9.30-നു സഭാ നടപടികൾ താത്കാലികമായി നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.