റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം നടന്നു
Thursday, March 23, 2023 2:17 AM IST
തൃശൂര്‍: റിപ്പര്‍ ജയാനന്ദന്റെ മകളുടെ വിവാഹം തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ഇന്നലെ നടന്നു. കനത്ത സുരക്ഷയിലാണു ചടങ്ങില്‍ പങ്കെടുക്കാന്‍ ജയാനന്ദനെ എത്തിച്ചത്. ഹൈക്കോടതിയിലെ അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ ജയാനന്ദനു പരോള്‍ അനുവദിക്കുകയായിരുന്നു.
17 വര്‍ഷത്തെ ജയില്‍വാസത്തിനിടെ ആദ്യമായാണു ജയാനന്ദനു പരോള്‍ ലഭിക്കുന്നത്. ഒറ്റപ്പാലം സ്വദേശിയുമായിട്ടായിരുന്നു മകളുടെ വിവാഹം.
അതീവ സുരക്ഷാ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന റിപ്പര്‍ ജയാനന്ദന് കഴിഞ്ഞ ദിവസമാണു പുറത്തിറങ്ങിയത്. വിവാഹ ചടങ്ങുകളില്‍ പോലീസ് അകമ്പടിയില്‍ പങ്കെടുക്കാനായി രണ്ടുദിവസത്തെ എസ്കോട്ട് പരോളാണു ഹൈക്കോടതി അനുവദിച്ചിരുന്നത്.
മാള ഇരട്ടക്കൊല, പെരിഞ്ഞനം, പുത്തന്‍വേലിക്കര കൊലക്കേസുകള്‍ തുടങ്ങി 24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്.
സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം തട്ടിയെടുക്കലായിരുന്നു രീതി. ജീവിതാവസാനം വരെ കഠിന തടവാണു ശിക്ഷ. അതീവ അപകടകാരിയായതിനാല്‍ പരോള്‍പോലും അനുവദിച്ചിരുന്നില്ല. അഭിഭാഷകകൂടിയായ മകളുടെ അപേക്ഷ പരിഗണിച്ചാണു പൂര്‍ണസമയവും പോലീസ് അകമ്പടിയോടെയുള്ള പരോള്‍ ഹൈക്കാടതി അനുവദിച്ചത്.