വന്യജീവി ആക്രമണം: ഹോട്ട്സ്പോട്ടുകളിൽ പ്രത്യേക ടീം
Thursday, March 23, 2023 2:17 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളിൽ പ്രത്യേക ടീമുകൾ രൂപീകരിച്ചുകൊണ്ട് അഞ്ചു വനം സർക്കിളുകളിലും ഉത്തരവിറക്കി.
വന്യജീവി ആക്രമണം സംബന്ധിച്ച പ്രശ്നങ്ങൾ ഏകോപിപ്പിക്കുന്നതിനും പരിഹരിക്കുന്നതിനുമായി വനം വകുപ്പിന്റെ സർക്കിൾ തലങ്ങളിലെ സർക്കിൾ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർമാരെ നോഡൽ ഓഫീസർമാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡൽ ഓഫീസർമാരാണു വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രത്യേക നിർദേശപ്രകാരമാണ് സ്പെഷൽ ടീമുകൾ രൂപീകരിച്ചത്.
നോർത്തേണ്‍ സർക്കിളിനു കീഴിൽ കണ്ണൂർ ഡിവിഷനിലെ ആറളം, സൗത്ത് വയനാട്ടിലെ പുൽപ്പള്ളി, നോർത്ത് വയനാട്ടിലെ തിരുനെല്ലി, കാസർഗോഡ് ഡിവിഷനിലെ പാണ്ടി എന്നീ ഹോട്ട് സ്പോട്ടുകളിലാണു പ്രത്യേക ടീമുകളെ നിയോഗിച്ചത്. ഈസ്റ്റേണ്‍ സർക്കിളിനു കീഴിൽ നിലന്പൂർ നോർത്തിലെ ഇടക്കോട്, മണ്ണാർക്കാട് പുതൂർ പ്രദേശം, പാലക്കാട് വാളയാർ എന്നിവയാണ് ഹോട്ട്സ്പോട്ടുകൾ.
സെൻട്രൽ സർക്കിളിന് കീഴിൽ തൃശൂർ വാഴാനി, പട്ടിക്കാട്, ചാലക്കുടി പാലപ്പിള്ളി, മലയാറ്റൂരിലെ മണികണ്ഠൻചാൽ, വടാട്ടുപാറ, കണ്ണിമംഗലം, വാവേലി എന്നിവയാണു ഹോട്ട്സ്പോട്ടുകൾ.
ഹൈറേഞ്ച് സർക്കിളിനു കീഴിൽ മൂന്നാർ, പീരുമേട്, കട്ടപ്പന എന്നിവിടങ്ങളിലാണ് ടീം പ്രവർത്തിക്കുക.
സതേണ്‍ സർക്കിളിൽ തിരുവനന്തപുരം പാലോട്, തെന്മല ആര്യങ്കാവ്, റാന്നി തണ്ണിത്തോട് എന്നിവിടങ്ങളിലും സ്പെഷൽ ടീം രൂപീകരിച്ചു. ഹോട്ട്സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങൾ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണം ഉണ്ടാകുന്ന സമീപ പ്രദേശത്തെ എല്ലാ മേഖലകളിലും ഈ ടീം പ്രവർത്തിക്കും.
സ്പെഷൽ ടീമിൽ ഡിഎഫ്ഒ ടീം ലീഡറാകും. വൈൽഡ് ലൈഫ് വാർഡൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ, റേഞ്ച് ഓഫീസർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ, വാച്ചർമാർ എന്നിവർ അംഗങ്ങളാണ്.
വൈൽഡ് ലൈഫ് വിഭാഗത്തിന് പുറമേ സോഷ്യൽ ഫോറസ്ട്രിയിലെയും ടെറിട്ടോറിയൽ വിഭാഗത്തിലെയും ജീവനക്കാരെ കൂടി ഉൾപ്പെടുത്തിയാണ് ടീം രൂപീകരിച്ചിട്ടുള്ളത്. വന്യജീവി ആക്രമണം നേരിടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് മറ്റു വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തി കൂടുതൽ അംഗങ്ങളുള്ള ടീം രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.