ഭൂപരിധിയിൽ ഇളവ്: സെക്രട്ടറിതല ശിപാർശ മന്ത്രിസഭ പരിഗണിച്ചില്ല
Saturday, March 25, 2023 1:03 AM IST
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് ഭൂപരിധിയിൽ ഇളവ് അനുവദിക്കുന്പോൾ അധികമായുള്ള ഏക്കർ ഒന്നിന് 10 കോടി രൂപയുടെ അധിക നിക്ഷേപവും 20 തൊഴിലും നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന സെക്രട്ടറിതല ശിപാർശ മന്ത്രിസഭ പരിഗണിച്ചില്ല.
വ്യവസായ സംരംഭകർക്ക് ഭൂമി അനുവദിക്കുന്പോൾ, ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തി അധികമായി അനുവദിക്കുന്ന ഓരോ ഏക്കറിനും 10 കോടിയുടെ അധികനിക്ഷേപവും 20 തൊഴിലും എന്ന വ്യവസ്ഥ അപ്രായോഗികമായതിനാൽ ഇളവു വേണമെന്ന ചീഫ് സെക്രട്ടറിതല സമിതിയുടെ ശിപാർശയാണു മന്ത്രിസഭ പരിഗണിക്കാതിരുന്നത്.
സിപിഐയുടെ എതിർപ്പ്
പകരം, 10 കോടിയുടെ അധികനിക്ഷേപമോ 20 തൊഴിലോ എന്നതിൽ ഏതെങ്കിലും ഒരു വ്യവസ്ഥ പരിഗണിക്കാമെന്ന ചീഫ് സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ട് കഴിഞ്ഞ എൽഡിഎഫ് യോഗത്തിൽ എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതു മിച്ചഭൂമിയെ ഇല്ലാതാക്കുമെന്നും ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കുമെന്നും സിപിഐ പറഞ്ഞു.
സിപിഐയുടെ എതിർപ്പിനെത്തുടർന്നാണ് വ്യാഴാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭായോഗത്തിൽ ഇതു സംബന്ധിച്ച വിഷയം അജണ്ടയിൽ ഉൾപ്പെടുത്തി പരിഗണിച്ചെങ്കിലും വ്യവസ്ഥകളിലെ ഇളവ് പരിഗണിക്കാതിരുന്നത്. എന്നാൽ, റിപ്പോർട്ട് മന്ത്രിസഭ സാങ്കേതികമായി തള്ളിയതുമില്ല.
കൂടുതൽ ഇളവിനായി പഠനം
വ്യവസായ സംരഭകർക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കുന്നതിനായി തയാറാക്കിയ മാനദണ്ഡങ്ങൾ അപ്രായോഗികമാണെന്ന് ഭൂനിയമത്തിലെ ഇളവ് ആദ്യം പരിഗണിച്ച മന്ത്രിസഭയിൽ വ്യവസായമന്ത്രി ആവശ്യപ്പെട്ടിരുന്നു.
വ്യവസായമന്ത്രിയുടെ ആവശ്യത്തെത്തുടർന്ന് കൂടുതൽ ഇളവിനെക്കുറിച്ചു പഠിക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ വ്യവസായ- റവന്യു സെക്രട്ടറിമാർ ഉൾപ്പെട്ട സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നാണ് അധികമായി അനുവദിക്കുന്ന ഏക്കർ ഒന്നിന് 10 കോടിയോ 20 തൊഴിലോ ഏതെങ്കിലും ഒന്നുമാത്രം പരിഗണിച്ചാൽ മതിയെന്നു സമിതി സർക്കാരിനു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ഇടതുമുന്നണിയോഗം ചർച്ച ചെയ്തു. അധികഭൂമിക്ക് ഇളവ് അനുവദിച്ചിട്ടും വ്യവസ്ഥകളിലും ഇളവു വേണമെന്ന നിലപാടിനെതിരേ യോഗത്തിൽ പ്രതിഷേധമുയർന്നു.
സംരംഭകരെ ആകർഷിക്കാൻ
വ്യവസായം, വിദ്യാഭ്യാസം, മെഡിക്കൽ സയൻസ്, ടൂറിസം, ഐടി തുടങ്ങിയ മേഖലകളിൽ സംരംഭകരെ ആകർഷിക്കാനാണ് ഭൂപരിഷ്കരണ നിയമഭേദഗതി നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 1963ലെ ഭൂപരിഷ്കരണ നിയമത്തിന്റെ 81 (3)(ബി) വകുപ്പുകൾ ഭേദഗതി ചെയ്ത് റവന്യു വകുപ്പ് ഒക്ടോബർ 12ന് ഉത്തരവിറക്കിയിരുന്നു.
ഉത്തരവ് ഇറക്കുന്നതിനു മുൻപ് ഓഫ് ലൈനായി ലഭിച്ച അപേക്ഷകളും പരിഗണിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു. നേരത്തേ ഓണ്ലൈനായി ലഭിക്കുന്ന അപേക്ഷകളിൽ മാത്രം തീരുമാനമെടുത്താൽ മതിയെന്നായിരുന്നു നിർദേശം.
പരിശോധനയ്ക്ക് രണ്ടുതട്ടിലും സമിതി
തിരുവനന്തപുരം: ഭൂപരിധിയിൽ ഇളവ് അനുവദിക്കാനുള്ള അപേക്ഷയിൽ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പരിശോധിക്കാൻ സമിതിയുണ്ടാകും. ജില്ലാ തലത്തിൽ കളക്ടർ അധ്യക്ഷനും ഡെപ്യൂട്ടി കളക്ടർ (എൽആർ), തഹസിൽദാർ, പദ്ധതി വരുന്ന വകുപ്പിന്റെ ജില്ലാതല ഓഫീസർ എന്നിവരടങ്ങുന്ന സമിതി പരിശോധിക്കും.
യോഗ്യതയുണ്ടെന്നു കണ്ടെത്തുന്ന അപേക്ഷകളിൽ റവന്യു മന്ത്രിയും പദ്ധതി വരുന്ന വകുപ്പിന്റെ മന്ത്രിയും ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരും അടങ്ങുന്ന സംസ്ഥാനതല സമിതിയാണ് അന്തിമതീരുമാനമെടുക്കുന്നത്.