ഇരിങ്ങാലക്കുട ശോകമൂകം
Tuesday, March 28, 2023 12:46 AM IST
ഇരിങ്ങാലക്കുട: ചിരിയുടെ ഗ്രാമ്യഭാവം ഓർമകളിലേക്ക് പകർന്നു വിടവാങ്ങിയ പ്രിയപ്പെട്ടവനെയോർത്ത് ഇരിങ്ങാലക്കുട തേങ്ങി. ഞായറാഴ്ച രാത്രി ഇന്നസെന്റിന്റെ വിയോഗവാർത്ത കേട്ടതുമുതൽ ശോകമൂകമായിരുന്നു ഈ കൊച്ചുപട്ടണം.
നാട്ടുജീവിതത്തിൽ നിറഞ്ഞുനിന്ന പ്രിയതാരത്തെ അവസാനമായി ഒരുനോക്കു കാണാൻ ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തി.
സിനിമാരംഗത്തും പൊതുപ്രവർത്തന രംഗത്തും താൻ നടന്ന വഴികളിലൂടെ നിശ്ചലനായി വീണ്ടും ഇന്നസെന്റ് എത്തി. വിലാപയാത്ര കടന്നുപോയപ്പോൾ പൗരപ്രമുഖരടങ്ങുന്ന ജനാവലി തങ്ങളുടെ പ്രിയതാരത്തിന്റെ വേർപാടിന്റെ നെടുവീർപ്പിലായിരുന്നു.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കലൂർ സ്റ്റേഡിയത്തിൽനിന്നു പുറപ്പെട്ട്, ഇന്നസെന്റിനെ ലോക്സഭയിലേക്കയച്ച ചാലക്കുടി മണ്ഡലത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി അഭിനയരംഗത്തും പൊതുരംഗത്തും വിജയങ്ങളുടെ പൊൻതിളക്കം നേടികൊടുത്ത ഇരിങ്ങാലക്കുടയുടെ വീഥികളിലൂടെ കടന്നുപോയി. ടൗണ്‍ ഹാളിൽ പൊതുദർശനത്തിനു വച്ചപ്പോൾ ബസ് സ്റ്റാൻഡ് പരിസരം ജനനിബിഡമായിരുന്നു.