നികുതി കുടിശിക തീര്‍പ്പാക്കല്‍ അപേക്ഷ നിരസിച്ചതിൽ ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ല: ഹൈക്കോടതി
Tuesday, March 28, 2023 12:46 AM IST
കൊച്ചി: ആംനസ്റ്റി സ്കീം (ഒറ്റത്തവണ തീര്‍പ്പാക്കല്‍) പ്രകാരം നികുതി കുടിശിക തീര്‍ക്കാനുള്ള അപേക്ഷ നിരസിച്ച സെയില്‍ടാക്സ് അധികൃതരുടെ നടപടിയില്‍ ലോകായുക്തയ്ക്ക് ഇടപെടാന്‍ നിയമപരമായി അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നികുതി കുടിശിക തീര്‍ക്കാന്‍ ഇളവു തേടി തിരുവനന്തപുരത്തെ വെല്‍ഗേറ്റ് വീഡിയോ കമ്പനി നല്കിയ അപേക്ഷ സെയില്‍ടാക്സ് വകുപ്പ് അധികൃതര്‍ നിരസിച്ചതു റദ്ദാക്കിയ ലോകായുക്തയുടെ ഉത്തരവു നിയമപരമല്ലെന്നും ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് മുരളി പുരുഷോത്തമന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സെയില്ടാക്സിന്റെ നടപടിയില്‍ പരാതിയുണ്ടെങ്കില്‍ കെജിഎസ്ടി നിയമപ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കുകയോ ഹൈക്കോടതിയെ സമീപിക്കുകയോ വേണമെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് ലോകായുക്തയുടെ ഉത്തരവു റദ്ദാക്കി.
വെല്‍ഗേറ്റ് വീഡിയോസിന്റെ കേസില്‍ ലോകായുക്ത ഇടപെട്ടതിനെതിരെ നികുതി, റവന്യു വകുപ്പ് അഡി. ചീഫ് സെക്രട്ടറിമാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. നികുതി കുടിശിക തീര്‍പ്പാക്കാന്‍ ഇളവുകള്‍ നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ സെയില്ടാക്സിന്റെ തീരുമാനം അര്‍ധ ജുഡീഷല്‍ സ്വഭാവത്തിലുള്ളതാണ്.
ലോകായുക്തയ്ക്ക് ഇടപെടാന്‍ കഴിയുന്ന ദുര്‍ഭരണമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭരണപരമായ കാര്യങ്ങളിലെ അന്യായം, വിവേചനം തുടങ്ങിയവയില്‍ ഈ കേസ് വരില്ല. ലോകായുക്ത നിയമപരമായി സ്ഥാപിക്കപ്പെട്ടതാണ്. നിയമത്തിനുള്ളില്‍ നിന്നു മാത്രമേ ലോകായുക്തയ്ക്ക് ഇടപെടാന്‍ കഴിയൂവെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.