ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്: മന്ത്രിസഭായോഗം പരിഗണിക്കും
Wednesday, March 29, 2023 12:42 AM IST
തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ് എന്ന കേന്ദ്ര നിർദേശം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭാ യോഗം വിശദമായി ചർച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
തസ്തിക നിർണയത്തെ തുടർന്ന് ജോലിയിൽനിന്ന് 31ന് പുറത്താകുന്ന സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലെ 71 ഹയർ സെക്കൻഡറി ഇംഗ്ലീഷ് ജൂനിയർ അധ്യാപകരെ സംരക്ഷിക്കണമെന്ന നിലപാടാണ് വിദ്യാഭ്യാസ വകുപ്പിന്.
പിഎസ്സി പരീക്ഷയെഴുതി ജോലി നേടിയവരാണിവർ.
ഇവരെ സംബന്ധിച്ചുള്ള റിപ്പോർട്ട് തയാറാക്കി ഇന്നു ചേരുന്ന മന്ത്രിസഭായോഗം ഇക്കാര്യങ്ങളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.