ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്ന സംഭവം: ആഭ്യന്തരവകുപ്പ് അന്വേഷിക്കും, രണ്ടു ലക്ഷം നഷ്ടപരിഹാരം
Thursday, March 30, 2023 12:54 AM IST
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക മറന്നുവച്ചെന്ന പരാതി ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ആരോഗ്യവകുപ്പ് നടത്തിയ രണ്ട് അന്വേഷണത്തിലും ശസ്ത്രക്രിയ ഉപകരണം ഏത് അവസരത്തിലാണു വയറ്റിൽ വച്ചതെന്നു കണ്ടെത്താത്ത സാഹചര്യത്തിലാണ് അന്വേഷണം ആഭ്യന്തരവകുപ്പിനു കൈമാറാൻ മന്ത്രിസഭ തീരുമാനിച്ചത്.
പരാതിക്കാരിയായ താമരശേരി അടിവാരം സ്വദേശിനി കെ.കെ. ഹർഷിനയ്ക്കു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു രണ്ടു ലക്ഷം രൂപ അനുവദിക്കും. അഞ്ചു വർഷം മുൻപു നടത്തിയ പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രിക കഴിഞ്ഞവർഷമാണു ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഓപ്പറേഷൻ ടേബിളിൽ ഉപയോഗിക്കുന്ന അറ്റംവളഞ്ഞ കത്രികയുടെ രൂപത്തിലുള്ള ഉപകരണമാണ് (ആർട്ടറി ഫോർസെപ്സ്) വയറ്റിലുണ്ടായിരുന്നതെന്നാണു ഹർഷിനയുടെ പരാതി. ഇതുസംബന്ധിച്ച് എംആർഐ സ്കാൻ ചെയ്തതിന്റെ റിപ്പോർട്ട് അവർ തെളിവായി ഹാജരാക്കുന്നുണ്ട്. ശസ്ത്രക്രിയയിലെ പിഴവ് ആരോപിച്ച് കോഴിക്കോട് മെഡിക്കൽ കോളജിനെതിരേ അവർ പോലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിരുന്നു.
സംഭവത്തെക്കുറിച്ച മെഡിക്കൽ കോളജും ആരോഗ്യവകുപ്പും നടത്തിയ അന്വേഷണങ്ങളിൽ ഏത് അവസരത്തിലാണ് ഉപകരണം വയറ്റിൽ കുടുങ്ങിയതെന്നു കണ്ടെത്താനായില്ല. 2017 ലാണ് യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയത്.
മെഡിക്കൽ കോളജിലെ രേഖകളിൽ കത്രിക നഷ്ടപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല. 2012ലും 2016ലും താമരശേരി താലൂക്ക് ആശുപത്രിയിൽ അവർ ശസ്ത്രക്രിയകൾക്കു വിധേയയായിട്ടുണ്ടെങ്കിലും താലൂക്ക് ആശുപത്രിയിൽ ഉപകരണങ്ങൾ സംബന്ധിച്ച രജിസ്റ്റർ ഇല്ലെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
അതിനിടെ പരാതിക്കാരി കോഴിക്കോട് മെഡിക്കൽ കോളജിനു മുന്നിൽ സമരം ആരംഭിച്ചു. സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണു സർക്കാർ പോലീസ് അന്വേഷണം പ്രഖ്യാപിച്ചത്.