പ്ലസ് ടുവിന് 82.95% വിജയം
Friday, May 26, 2023 12:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വർഷ ഹയർ സെക്കൻഡറിയിൽ 82.95 % വിജയം. റെഗുലർ വിഭാഗത്തിൽ പരീക്ഷയെഴുതിയ 3,76,135 വിദ്യാർഥികളിൽ 3,12,005 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി. 71 വിദ്യാർഥികൾക്ക് 1200ൽ 1200 മാർക്കും ലഭിച്ചു
ജില്ലാ അടിസ്ഥാനത്തിൽ വിജയശതമാനത്തിൽ മുന്നിൽ എറണാകുളവും(87.55%) ഏറ്റവും കുറവ് പത്തനംതിട്ട (76.59 %)യുമാണ്. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിച്ച് 77 സ്കൂളുകൾ നൂറുമേനി നേട്ടം സ്വന്തമാക്കി. 33,815 വിദ്യാർഥികൾക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. ഇതിൽ 26,001 പേർ പെണ്‍കുട്ടികളും 7,814 ആണ്‍കുട്ടികളും ഉൾപ്പെടുന്നു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയത് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളാണ്. 838 വിദ്യാർഥികൾ പരീക്ഷയെഴുതിയ ഇവിടെ 85.32 % വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി.
ഏറ്റവും കൂടുതൽ എ പ്ലസ് നേട്ടം മലപ്പുറത്തിനാണ്. 4,897 വിദ്യാർഥികൾക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ (വിഎച്ച്എസ്ഇ) 78.39 ശതമാനമാണ് ഇക്കുറി വിജയം. ആകെ പരീക്ഷയ്ക്കിരുന്ന 28,495 പേരിൽ 22,338 വിദ്യാർഥികൾ ഉപരിപഠനയോഗ്യത നേടി. കൂടിയ വിജയശതമാനം വയനാട് (83. 63 %). കുറവ് പത്തനംതിട്ടയിൽ( 68. 48 %). 373 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
20 സ്കൂളുകളിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ച് 100 മേനി നേട്ടത്തിന് അർഹരായി. ടെക്നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 15 സ്കൂളുകളിലായി 1,753 പേർ പരീക്ഷയെഴുതിയതിൽ 1,320 പേർ വിജയിച്ചു. 75.30 വിജയശതമാനം. 98 പേർക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.
കേരള കലാമണ്ഡലം ആർട്സ് ഹയർസെക്കൻഡറി സ്കൂളിൽ 64 വിദ്യാർഥികൾ പരീക്ഷയ്ക്കിരുന്നതിൽ 57 പേർ ഉപരിപഠന യോഗ്യത നേടി. വിജയശതമാനം 89.06.
ഓപ്പണ്‍ സ്കൂളിൽ പരീക്ഷയെഴുതിയ 34,786 വിദ്യാർഥികളിൽ 16,950 പേർ ഉപരിപഠന യോഗ്യരായി 48.73 ആണ് വിജയശതമാനം. 494 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പി.ആർ. ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്.