കെ-ഫോൺ, കാമറ അഴിമതി: യുഡിഎഫ് നിയമനടപടിക്ക്
Wednesday, May 31, 2023 1:30 AM IST
കൊച്ചി: കെ-ഫോൺ, എഐ കാമറ അഴിമതികളിൽ അന്വേഷണത്തിനു സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ നിയമനടപടികളിലേക്ക് നീങ്ങാൻ കളമശേരിയിൽ നടന്ന യുഡിഎഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ നടപടികൾ സ്വീകരിക്കാൻ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർക്കണമെന്നും യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ കൺവീനർ എം.എം. ഹസൻ ആവശ്യപ്പെട്ടു.
1972ലെ വന്യജീവി നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്ന പ്രമേയം നിയമസഭയിൽ പാസാക്കി കേന്ദ്രസർക്കാരിനു നൽകണം. മനുഷ്യരെ കൊല്ലുന്ന വന്യജീവികളെ വകവരുത്താൻ നിയമത്തിൽ ഭേദഗതി വരുത്താമെന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ നിർദേശം സർക്കാർ പരിഗണിക്കണം.
അഴിമതി ആരോപണങ്ങളിൽ മൗനം പാലിക്കുകയെന്ന നരേന്ദ്രമോദിയുടെ തന്ത്രം തന്നെയാണു പിണറായി വിജയനും സ്വീകരിക്കുന്നത്. മയക്കുമരുന്ന് മാഫിയ സംസ്ഥാനം മുഴുവൻ വ്യാപിച്ചെങ്കിലും അടിച്ചമർത്താൻ ശക്തമായ നടപടികൾക്കു സർക്കാർ തയാറാകുന്നില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ പിന്തുണയോടെയാണു മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നതെന്നും ഹസൻ ആരോപിച്ചു.
ചാക്കോളാസ് കൺവൻഷൻ സെന്ററിൽ നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ യുഡിഎഫ് നേതാക്കളായ വി.ഡി. സതീശൻ, കെ. സുധാകരൻ, പി.ജെ. ജോസഫ്, എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, മറ്റു കക്ഷിനേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ജനകീയ സായാഹ്ന സദസ് 20ന്
യുഡിഎഫിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ജൂൺ 20ന് വൈകുന്നേരം നാലിന് ജനകീയ സായാഹ്ന സദസ് സംഘടിപ്പിക്കും. കെ-ഫോൺ, എഐ കാമറ അഴിമതികളിലും മരുന്ന് ഗോഡൗണുകൾ കത്തിനശിച്ചതിലും അന്വേഷണം നടത്തുക, മയക്കുമരുന്ന് മാഫിയയ്ക്കെതിരേ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു ജനകീയ സായാഹ്ന സദസ് നടത്തുന്നത്.