നാലുവർഷ ബിരുദ കോഴ്സ്: ഈ അധ്യയന വർഷം സാധ്യതയില്ല
Saturday, June 3, 2023 1:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പിന്നോട്ട്.
നാലു വർഷ ബിരുദ കോഴ്സുകൾ സർവകലാശാലകളിലും കോളജുകളിലും പൂർണതോതിൽ 2024 മുതലേ നടപ്പാക്കുകയുള്ളൂവെന്നും ഏതെങ്കിലും സർവകലാശാലയ്ക്ക് ഈ വർഷം നടപ്പാക്കാൻ കഴിയുമെങ്കിൽ അവർക്ക് ആരംഭിക്കാമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
എന്നാൽ നാലു വർഷ ബിരുദകോഴ്സുകൾ സംബന്ധിച്ച് കരിക്കുലം തയാറാക്കൽ ഉൾപ്പെടെ ഓരോ സർവകലാശാലയ്ക്കും ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉള്ള പശ്ചാത്തലത്തിൽ ഈ അധ്യയനവർഷം ആരംഭിക്കൽ പ്രായോഗികമല്ല.
നാലു വർഷ ബിരുദ കോഴ്സുകൾ ഈ വർഷം തുടങ്ങുന്നതു സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ കൗണ്‍സിലും തമ്മിൽ അഭിപ്രായ ഭിന്നത രൂക്ഷമായി നിലനില്‍ക്കുന്നതായും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ജൂണ്‍ അഞ്ചിന് വിഷയം ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽയോഗം വിളിച്ചിട്ടുണ്ട്.
സർക്കാർ നടത്തിയ ശില്പശാലകളിലും ചർച്ചകളിലും അധ്യാപകരും വിദ്യാർഥികളും സംഘടനാ നേതാക്കളും നാലുവർഷ ബിരുദ കോഴ്സുകൾ ഈ വർഷം നടപ്പാക്കാൻ പറ്റില്ലെന്ന നിലപാട് അറിയിച്ചതാണ്. എന്നാൽ ഈ വർഷം തന്നെ നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കണമെന്നു ചില ഉന്നത കേന്ദ്രങ്ങളിൽ നിന്ന് സമ്മർദമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തന്നെ യോഗം വിളിച്ചത്.
കഴിഞ്ഞ 30 ന് മന്ത്രി വിളിച്ച യോഗത്തിലും സർവകലാശാല വൈസ് ചാൻസലർമാർ ഈ വർഷം നാലുവർഷ കോഴ്സുകൾ നടപ്പാക്കാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.