ആദ്യഘട്ട കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയായി
Sunday, June 4, 2023 12:17 AM IST
തിരുവനന്തപുരം: തർക്കങ്ങൾക്കൊടുവിൽ കോണ്ഗ്രസ് പുനഃസംഘടനയുടെ ഒന്നാംഘട്ട പട്ടിക കെപിസിസി നേതൃത്വം പുറത്തിറക്കി. 11 ജില്ലകളിലായുള്ള 197 കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടികയ്ക്കാണ് നേതൃത്വം അംഗീകാരം നൽകിയത്.
തർക്കത്തെ തുടർന്നു പുനഃസംഘടനാ നടപടികൾ പൂർത്തിയാക്കാൻ കഴിയാത്ത തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളിലെ പട്ടിക അടുത്ത ദിവസങ്ങളിൽ പുറത്തിറക്കും.
മൊത്തമുള്ള 283 ബ്ലോക്കുകളിൽ 197 ആണു പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയിലെ ബ്ലോക്ക് പ്രസിഡന്റുമാരുടെ പട്ടിക ഏറെക്കുറെ സംസ്ഥാന നേതൃത്വം അംഗീകരിച്ചെങ്കിലും ചില പേരുകളെചൊല്ലി എ ഗ്രൂപ്പ് തർക്കമുന്നയിച്ചതോടെ പട്ടിക പിന്നീടുപ്രഖ്യാപിക്കാനായി മാറ്റി. പാലക്കാട് ജില്ലയിലെ രണ്ടും തൃശൂർ ജില്ലയിലെ ഒരു ബ്ലോക്ക് പ്രസിഡന്റിന്റെ പ്രഖ്യാപനവും മാറ്റിവച്ചു. പ്രഖ്യാപിച്ച ബ്ലോക്കുകളിൽ ചിലയിടങ്ങളിൽ മാത്രമാണ് എതിർപ്പുയർന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ബ്ലോക്ക് പ്രസിഡന്റുമാരുടെ ആദ്യഘട്ട പട്ടികയ്ക്ക് അന്തിമരൂപമായത്.
പുനഃസംഘടനയ്ക്കായി നിയോഗിച്ച കെപിസിസി ഉപസമിതി ആഴ്ചകളോളം ചർച്ച നടത്തിയാണ് ധാരണയിലെത്തിയത്. 170 ബ്ലോക്കുകളിലേക്ക് ഒറ്റപ്പേരുകളായാണ് ഉപസമിതി സംസ്ഥാന നേതൃത്വത്തിന് പട്ടിക കൈമാറിയത്.
മറ്റുള്ള ബ്ലോക്കുകളിൽ സംസ്ഥാനത്തെ പ്രമുഖ നേതാക്കൾ കൂടിയാലോചിച്ച് അന്തിമധാരണയിലെത്തി. ഇരു നേതാക്കളുടെയും സൗകര്യാർത്ഥം അടുത്ത ദിവസം വീണ്ടും ചർച്ച നടത്തും.
കെ. സുധാകരൻ കെപിസിസി പ്രസിഡന്റായ ശേഷം പല തവണ പുന:സംഘടന പൂർത്തിയാക്കാൻ ശ്രമം നടത്തിയെങ്കിലും ഗ്രൂപ്പുകളുടെ ഇടപെടലുകൾ മൂലം വിജയിച്ചില്ല. ഒടുവിൽ ഗ്രൂപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാനതല ഉപസമിതിയെ നിയോഗിക്കുകയായിരുന്നു. ഈ ഉപസമിതിയാണ് തുടർച്ചയായ ചർച്ചകളിലൂടെ പരമാവധി ഒറ്റപ്പേരിലേക്കെത്തിച്ചത്.