കണ്ണൂരിലെ ട്രെയിൻ തീവയ്പ്: പ്രത്യേക അന്വേഷണസംഘത്തിന് ഫയലുകൾ കൈമാറി
Sunday, June 4, 2023 12:17 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ട ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിന് തീയിട്ട സംഭവത്തിൽ കേസന്വേഷണ ഫയൽ പ്രത്യേക അന്വേഷണസംഘത്തിനു കൈമാറി. ഇതുവരെ കേസന്വേഷിച്ച റെയിൽവേ എസ്ഐ ഉമേഷ് ബാബു കേസിന്റെ വിവരങ്ങൾ എസിപി ടി.കെ. രത്നകുമാറിനാണ് കൈമാറിയത്.
പശ്ചിമബംഗാൾ 24 സൗത്ത് ഫർഹാനസ് സ്വദേശി പ്രസോൺ ജിത്ത് സിക്തറിനെ (40) യാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ കണ്ണൂർ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയതത്.
കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് മുന്പാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള ഹർജി ഉടൻ കോടതിയിൽ സമർപ്പിക്കും. അറസ്റ്റിലായ പ്രതിയെ തിരിച്ചറിയൽ പരേഡിന് വിധേയമാക്കും.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു നിർത്തിയിട്ട ട്രെയിനിനു തീയിട്ടത്. സംഭവത്തിന് ഏതാനും മണിക്കൂറുകൾക്കകം തന്നെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായ ചോദ്യംചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.