മന്ത്രി എഴുന്നേറ്റപ്പോൾ സംസാരിക്കാൻ പ്രതിപക്ഷ നേതാവ് അവസരം നൽകാത്തതിന്റെ പേരിൽ പിന്നെയും സഭയിൽ തർക്കമുയർന്നു. മന്ത്രിമാർ നിയമസഭാ നടപടിക്രമങ്ങളുടെ ബാലപാഠം തെറ്റിക്കുന്നു എന്ന് എൻ. ഷംസുദ്ദീൻ ചർച്ചയ്ക്കിടെ പറഞ്ഞു. ബില്ലിന്റെ ചർച്ചയ്ക്കു മറുപടി പറയുന്പോൾ മന്ത്രി കെ. രാജൻ അതിനും മറുപടി പറഞ്ഞു. ഷംസുദ്ദീന്റെ ക്ലാസ് വേണ്ടെന്നായിരുന്നു രാജന്റെ പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ രമേശ് ചെന്നിത്തല എഴുന്നേറ്റപ്പോൾ മുഖ്യമന്ത്രി സീറ്റിലിരുന്ന് രമേശിന് അവസരം നൽകിയ കാര്യം രാജൻ ചൂണ്ടിക്കാട്ടി.
കോട്ടയത്ത് ആൾമാറാട്ടം നടത്തിയ ആൾക്കെതിരേയാണ് കേസെടുത്തതെന്നായിരുന്നു മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. പിന്നീട് അവസരം കിട്ടിയപ്പോൾ കോട്ടയംകാരനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയെ തിരുത്താൻ ശ്രമിച്ചു. യാഥാർഥ്യങ്ങളിൽ നിന്നു വളരെയേറെ അകന്നു പോയി എന്നായിരുന്നു മന്ത്രിയുടെ വിശദീകരണത്തെക്കുറിച്ച് തിരുവഞ്ചൂർ പറഞ്ഞത്.
കെ. ബാബുവിന്റെ പേരുദോഷം! അബ്കാരി നിയമ ഭേദഗതി ചർച്ചയ്ക്കിടയിൽ മദ്യവർജനവും ലഭ്യതയുമെല്ലാം ചർച്ചയായി. മദ്യത്തിന്റെ ലഭ്യത എല്ലായിടത്തും ഉറപ്പാക്കാനുള്ള നിയമഭേദഗതി എന്നായിരുന്നു കെ. ബാബു (തൃപ്പൂണിത്തുറ) വിന്റെ പരിഹാസം. സുലഭമായി മദ്യം കിട്ടുന്ന സ്ഥിതി ഉണ്ടാക്കിയിട്ട് കുട്ടികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചിട്ടു കാര്യമുണ്ടോ എന്ന് എൻ. ഷംസുദ്ദീൻ ചോദിച്ചു.
നല്ലവനായ മന്ത്രി എം.ബി. രാജേഷിനേക്കൊണ്ട് എടുത്താൽ പൊങ്ങാത്ത കല്ലു ചുമപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എക്സൈസ് ഒരു വല്ലാത്ത വകുപ്പാണത്രെ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തനിക്ക് എക്സൈസ് വകുപ്പു വേണ്ടെന്ന് കെ. ബാബു തന്നോടും ഉമ്മൻ ചാണ്ടിയോടും ആവതു പറഞ്ഞതാണെന്നു രമേശ് സാക്ഷ്യപ്പെടുത്തി. കെട്ടിയേൽപ്പിച്ച വകുപ്പു കൊണ്ട് അനാവശ്യമായി ബാബുവിനു പേരുദോഷം കേൾക്കേണ്ടി വന്നു എന്നും രമേശ് പറഞ്ഞു.
മദ്യലഭ്യതയുടെയും ഉപയോഗത്തിന്റെയുമൊക്കെ അഖിലേന്ത്യാ കണക്കുകൾ മന്ത്രി നിരത്തിയപ്പോൾ രാജ്യത്തിന്റെ പൊതുനിലയിലേക്ക് ഉയരണമെങ്കിൽ കേരളീയർ ഇനിയും ഒരുപാടു കുടിക്കേണ്ടി വരുമെന്നു തോന്നിപ്പോയി. മൂന്നു ബില്ലുകൾ പാസാക്കിയാണ് സഭ ഇന്നലെ പിരിഞ്ഞത്.