മരുതോങ്കരയിലും ആയഞ്ചേരിയിലും ആശങ്കയ്ക്ക് അടിസ്ഥാനമില്ല: മന്ത്രി റിയാസ്
Wednesday, September 13, 2023 4:16 AM IST
കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ഒരു രോഗി മരിച്ച മരുതോങ്കര പഞ്ചായത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി മുഹമ്മദ് റിയാസ്. ഇവിടെയുള്ള 90 വീടുകളിൽ ആരോഗ്യപ്രവർത്തകർ പരിശോധന നടത്തിയെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആയഞ്ചേരിയിൽ 13-ാം വാർഡിലാണു മറ്റൊരു രോഗി മരിച്ചത്. ഇവിടെയും നിലവിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മരുതോങ്കര, ആയഞ്ചേരി പഞ്ചായത്തുകളുടെ സമീപ പ്രദേശങ്ങളിലും പഞ്ചായത്തുകളിലും ആർക്കെങ്കിലും പനി ഉണ്ടായാൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നിപ മരണമുണ്ടായ പഞ്ചായത്തിന്റെ സമീപമുള്ള ആറു പഞ്ചായത്തുകളിലെ സ്ഥിതിവിശേഷം മന്ത്രി പഞ്ചായത്ത് പ്രസിഡന്റുമാരുമായി ചർച്ച ചെയ്തു. മരുതോങ്കരയിൽ ആർക്കും രോഗലക്ഷണങ്ങളില്ലെന്നും സന്പർക്കം പുലർത്തിയ എല്ലാവരെയും തിരിച്ചറിഞ്ഞതായും പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് പറഞ്ഞു. മരിച്ചയാളുടെ സന്പർക്ക പട്ടികയുള്ളവരെയാണു കണ്ടെത്തിയത്. ഇവരോടു ജാഗ്രത പുലർത്താൻ നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ കണ്ട്രോൾ റൂം തുറന്നു. പനിബാധിതരെ കണ്ടെത്താൻ സർവ്വേ നടത്തുന്നുണ്ടെന്നും മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മരിച്ച ആളുകളുടെ വീടിന്റെ അടുത്തുള്ള 90 വീടുകൾ ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണത്തിലാണ്.
സ്വാഭാവികമായി പനിയുള്ള ചിലരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവർക്കു നിപ രോഗലക്ഷണങ്ങളില്ലെന്നാണു നിഗമനം. എന്നാലും പ്രത്യേക സാഹചര്യം പരിഗണിച്ച് അതീവ ജാഗ്രത പുലർത്താൻ വീട്ടുകാർക്കു നിർദേശം നൽകിയിട്ടുണ്ട്. ആശാ പ്രവർത്തകർ വിവരശേഖരണം നടത്തുന്നുണ്ട്. പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു.
പനി ബാധയുള്ളവരോട് ഇവിടെ അറിയിപ്പ് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 30നാണ് പനി ബാധിച്ച് നിപ സംശയിക്കുന്നയാൾ മരിച്ചത്. അതിനു ശേഷം പനി ബാധിച്ച് ആശുപത്രിയിൽ പോയ എല്ലാവരുടെയും വിവരങ്ങൾ ആശുപത്രിയിൽനിന്നു ശേഖരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.