കള്ളപ്പണം ഒഴുകിയ സഹകരണ ബാങ്കുകളിൽ ഇഡി റെയ്ഡ്; അന്പരപ്പിൽ സിപിഎം, അങ്കലാപ്പിൽ ഇടപാടുകാർ
Tuesday, September 19, 2023 1:58 AM IST
തൃശൂർ: കരുവന്നൂർ കുംഭകോണത്തിലെ കള്ളപ്പണമൊഴുകിയ സഹകരണ ബാങ്കുകളിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) വ്യാപക റെയ്ഡ്. തൃശൂരും കൊച്ചിയിലുമായി ഒന്‍പത് ഇടങ്ങളിലായിരുന്നു റെയ്ഡ്.
തൃശൂർ ജില്ലയിലെ ആറ് സഹകരണ ബാങ്കുകളിൽ ഒരേസമയം ഇഡി റെയ്ഡ് നടന്നു. തൃശൂർ സർവീസ് സഹകരണ ബാങ്ക്, അയ്യന്തോൾ, പാട്ടുരായ്ക്കൽ, കുട്ടനെല്ലൂർ, അരണാട്ടുകര, പെരിങ്ങണ്ടൂർ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
കൂടാതെ, കേസിലെ മുഖ്യപ്രതി സതീഷിന്റെ ബെനാമികളുടെ വീടുകളിലും തൃശൂരിലെ ഒരു ജ്വല്ലറിയിലും കൊച്ചിയില്‍ ബിസിനസുകാരനായ ദീപക്കിന്റെ ഓഫീസ് എന്നിവിടങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.
സിപിഎം സംസ്ഥാന സമിതി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ. കണ്ണൻ പ്രസിഡന്റായ തൃശൂർ സഹകരണ ബാങ്കിലും ഇഡി വിശദമായ പരിശോധന നടത്തി. കണ്ണനും സതീഷും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് ഇഡിക്കു കിട്ടിയ വിവരമെന്നറിയുന്നു. കേരള പോലീസിനെ അറിയിക്കാതെയായിരുന്നു റെയ്ഡുകള്‍.
വ്യാപകമായി നടന്ന റെയ്ഡിൽ അന്പരന്നിരിക്കുകയാണ് സിപിഎം നേതൃത്വം. സഹകരണ ബാങ്കുകളിൽ റെയ്ഡ് നടക്കുന്നതിൽ ഇടപാടുകാരും ആശങ്കയിലാണ്. കരുവന്നൂരിലെപ്പോലെ ബാങ്ക് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിൽ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ വരുമോ എന്ന ആശങ്ക ഇടപാടുകാർ പ്രകടിപ്പിക്കുന്നുണ്ട്.
എന്നാൽ ഇത് സ്വാഭാവിക പരിശോധന മാത്രമാണെന്നും സംശയമുള്ള വ്യക്തിയുടെ അക്കൗണ്ടുകൾ സംബന്ധിച്ച പരിശോധനകളാണു നടക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്.
പ്രധാന പരിശോധന അയ്യന്തോൾ സർവീസ് ബാങ്കിൽ
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി തൃശൂരിൽ നടത്തിയ റെയ്ഡുകളിൽ പ്രധാന പരിശോധന നടന്നത് അയ്യന്തോൾ സർവീസ് സഹകരണബാങ്കിൽ. കരുവന്നൂർ കേസിലെ പ്രധാനിയായ പി. സതീഷ്കുമാർ നടത്തിയ കള്ളപ്പണ ഇടപാടുകളെപ്പറ്റിയാണ് അയ്യന്തോൾ സഹകരണ ബാങ്കിൽ ഇഡി വിശദമായി അന്വേഷിച്ചത്.
വിവിധ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. സതീഷ്കുമാർ ബന്ധുക്കളുടെ അടക്കം പേരിൽ ഈ ബാങ്കിലെടുത്ത നാല് അക്കൗണ്ടുകൾ വഴി കള്ളപ്പണം വെളിപ്പിച്ചുവെന്ന കണ്ടെത്തലുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ഈ അക്കൗണ്ടുകൾ നേരത്തേ ഇഡി മരവിപ്പിച്ചിരുന്നു. അക്കൗണ്ട് വഴി നടത്തിയ ട്രാൻസാക്്ഷൻ എന്തെല്ലാമാണെന്ന് ഇഡി സംഘം പരിശോധിച്ചു.
ഒരു ദിവസംതന്നെ 50000 രൂപ വച്ച് 25ലേറെ തവണ ഇടപാടുകൾ എങ്ങനെ നടത്തിയെന്നതടക്കമുള്ള രേഖകൾ പരിശോധിച്ചു. അയ്യന്തോൾ ബാങ്കിൽ 40 കോടി രൂപ വെളുപ്പിച്ചുവെന്നാണ് ഇഡിയുടെ നിഗമനം. പത്തുവർഷത്തിനിടെയാണു സതീഷ് ഇത്തരത്തിൽ കോടികൾ വെളുപ്പിച്ചതെന്നും സംശയിക്കുന്നു.
എ.സി. മൊയ്തീനെ ചോദ്യംചെയ്യുന്നതിനു മുന്‍പ് പരമാവധി തെളിവുകൾ കണ്ടെത്താനാണ് ഇഡിയുടെ ശ്രമം. അതുകൊണ്ടുതന്നെ ഇന്നത്തെ ചോദ്യംചെയ്യൽ മൊയ്തീനു നിർണായകമാകാൻ സാധ്യതയുണ്ട്.
കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ച കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക് അടക്കം തൃശൂർ ജില്ലയിലെ വിവിധ സഹകരണ ബാങ്കുകൾ വഴി പുറത്തേക്കു കടത്തി എന്നാണ് ഇഡി കണ്ടെത്തിയത്.