മാത്യു കുഴൽനാടനെതിരേ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി
Thursday, September 21, 2023 12:28 AM IST
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിനു സർക്കാർ അനുമതി നൽകി. അഡീഷണൽ ചീഫ് സെക്രട്ടറിയാണ് അനുമതി നൽകി ഉത്തരവിറക്കിയത്.
കുഴൽനാടന്റെ ചിന്നക്കനാലിലുള്ള ഒരേക്കർ പതിനാലര സെന്റ് സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേട് നടന്നതായ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്താൻ അനുമതി. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം നടത്തുക.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട മാസപ്പടി വിവാദം മാത്യു കുഴൽനാടൻ നിയമസഭയ്ക്കകത്തും പുറത്തും ഉയർത്തിയിരുന്നു. തുടർന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കുഴൽനാടന്റെ റിസോർട്ടുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി ആരോപിച്ചിരുന്നു.
റിസോർട്ടിനുള്ള ഹോംസ്റ്റേ ലൈസൻസ് ചിന്നക്കനാൽ പഞ്ചായത്ത് പുതുക്കി നൽകിയത് ഈയിടെയാണ്. അഞ്ചു വർഷത്തേക്കു ലൈസൻസ് പുതുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിസംബർ 31 വരെ മാത്രമാണ് ലൈസൻസ് കാലാവധി പുതുക്കി നൽകിയത്.