അട്ടപ്പാടി മധു വധക്കേസ് : സ്പെഷൽ പ്രോസിക്യൂട്ടർ നിയമനത്തിനെതിരേ മധുവിന്റെ അമ്മ സത്യഗ്രഹ സമരം നടത്തി
Tuesday, September 26, 2023 6:33 AM IST
പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. കെ.പി. സതീശനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ മധുവിന്റെ അമ്മ മല്ലി ഇന്നലെ പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ സത്യഗ്രഹ സമരം നടത്തി.
കേസിലെ മുഴുവൻ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സ്പെഷൽ പ്രോസിക്യൂട്ടർമാരായി അഡ്വ. രാജേഷ് എം. മേനോനെയും അഡ്വ. ജീവേഷിനെയും അഡ്വ. സി.കെ. രാധാകൃഷ്ണനെയും നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു സത്യഗ്രഹം.
പ്രോസിക്യൂട്ടറായി കെ.പി. സതീശനെ നിയമിച്ചാൽ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുമെന്നാണ് മധുവിന്റെ കുടുംബം ആരോപിക്കുന്നത്. പ്രോസിക്യൂട്ടർ നിയമനത്തിൽ സംസ്ഥാന സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന് സമരസമിതിയും ആരോപിക്കുന്നു. മണ്ണാർക്കാട് പ്രത്യേക കോടതി ഏഴു വർഷത്തേക്ക് ശിക്ഷിച്ചതിനെതിരേ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ശിക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മധുവിന്റെ അമ്മയോട് കേരള സർക്കാർ അനീതിയാണ് കാട്ടുന്നതെന്ന് വാളയാറിലെ മരണപ്പെട്ട കുട്ടികളുടെ അമ്മ പറഞ്ഞു. സത്യഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മധുക്കേസിൽ മൂന്നു പ്രോസിക്യൂട്ടർമാർ കേസ് വിട്ടുപോയ ഘട്ടത്തിൽ അമ്മ നിർദേശിച്ച പ്രോസിക്യൂട്ടറെ നിയമിച്ചതിനു ശേഷമാണ് ഭാഗികമായെങ്കിലും നീതി കിട്ടിയതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സി.ആർ. നീലകണ്ഠൻ പറഞ്ഞു.
വാളയാർ കേസിലും സ്പെഷൽ പ്രോസിക്യൂട്ടറുടെ നിയമനം സർക്കാർ വൈകിക്കുന്നതും ഗൂഢാലോചനയാണെന്ന് വാളയാർ നീതി സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ പറഞ്ഞു.