അരവിന്ദാക്ഷനും ജില്‍സും ഇഡി കസ്റ്റഡിയില്‍
Thursday, September 28, 2023 7:05 AM IST
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ പി.ആര്. അരവിന്ദാക്ഷനെയും കരുവന്നൂര്‍ സഹകരണ ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിനെയും ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു. 24 മണിക്കൂര്‍ നേരത്തേക്കാണു കസ്റ്റഡിയില്‍ വിട്ടത്.
കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയാണ് ഇരുവരെയും ചോദ്യംചെയ്യാനായി കസ്റ്റഡിയിലയച്ചത്. ഇന്നു വൈകുന്നേരം നാലിന് ഇരുവരെയും കോടതിയില്‍ ഹാജരാക്കണം.
ചോദ്യംചെയ്യലിനായി ഇവരെ കസ്റ്റഡിയില്‍ വേണമെന്ന ഇഡിയുടെ ആവശ്യം നിബന്ധനകളോടെയാണു കോടതി അംഗീകരിച്ചത്.
മൂന്നു മണിക്കൂര്‍ ചോദ്യംചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കസ്റ്റഡിയിലിരിക്കെ കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും സംസാരിക്കാന്‍ ഇരുവരെയും അനുവദിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കൊച്ചി ഓഫീസില്‍ ഇരുവരെയും വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്.
മാധ്യമങ്ങളെ വിലക്കില്ല
കരുവന്നൂര്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങളെ വിലക്കിയില്ലെന്നു പ്രത്യേക കോടതി ജഡ്ജി വ്യക്തമാക്കി. തുറന്ന കോടതിയിലാണു കേസ് പരിഗണിക്കുന്നത്. അതുകൊണ്ട് കോടതിയില്‍ ആര്‍ക്കും വരാവുന്നതാണെന്നും സെഷന്‍സ് ജഡ്ജി ഷിബു തോമസ് വിശദീകരിച്ചു. ഇന്നലെ കോടതിമുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നതു തടഞ്ഞിരുന്നു.