മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണം രണ്ടിന്
Thursday, November 30, 2023 1:15 AM IST
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന റമ്പാൻമാരായ റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ ഡിസംബർ രണ്ടിനു തിരുവല്ല എസ്സിഎസ് ഗ്രൗണ്ടിൽ തയാറാക്കുന്ന താത്കാലിക മദ്ബഹയിൽ നടത്തും.
രാവിലെ 7.30ന് ആരംഭിക്കുന്ന എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷയ്ക്ക് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. സഭയിലെ എപ്പിസ്കോപ്പമാർ സഹകാർമികരായിരിക്കും. തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ ധ്യാനപ്രസംഗം നടത്തും.
11ന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ അനുഗ്രഹപ്രഭാഷണം നടത്തും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യസന്ദേശം നൽകും.