മലയോര പട്ടയം: അപേക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 15 വരെ
Saturday, February 24, 2024 1:45 AM IST
കണ്ണൂർ:മലയോര പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ക്കു മാര്‍ച്ച് ഒന്ന് മുതല്‍ 15 വരെ അപേക്ഷിക്കാന്‍ അവസരമുണ്ടെന്നു മന്ത്രി കെ. രാജന് പറഞ്ഞു.
1977ന് മുമ്പ് കുടിയേറിയ കര്‍ഷകര്‍ക്കു കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ പട്ടയം അനുവദിക്കാന്‍ സംസ്ഥാനത്ത് നിയമവും ചട്ടങ്ങളും നിലവിലുണ്ട്. എന്നാല്‍ മലയോര ഭൂമിയില്‍ കുടിയേറിയ ഭൂരിഭാഗം പേരും പട്ടയത്തിന് അപേക്ഷ നല്‍കിയില്ലെന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയിലുണ്ട്.
പുതിയ അപേക്ഷകള്‍ സ്വീകരിക്കാനോ റവന്യു വനം വകുപ്പ് സംയുക്ത പരിശോധനകള്‍ക്ക് അനുമതി നല്‍കാനോ കേന്ദ്ര സര്‍ക്കാരും താത്പര്യം കാണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് കേന്ദ്ര വനം വകുപ്പ് മന്ത്രി, സഹമന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. അപേക്ഷകള്‍ സ്വീകരിക്കാനും പുതിയ സംയുക്ത പരിശോധനകള്‍ നടത്താനും കേന്ദ്രം അനുമതി നല്കി.
നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ സംസ്ഥാന ലാൻഡ് റവന്യു കമ്മീഷണറെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെയും നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തി. ഈ സാഹചര്യത്തില്‍ മലയോരവാസികള്‍ക്ക് പട്ടയത്തിന് നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കാം.
സംയുക്ത പരിശോധന കഴിഞ്ഞ ഭൂമിയാണെങ്കില് അതിന്റെ കോപ്പി, 1977നു മുമ്പ് കുടിയേറിയതാണെങ്കില്‍ അത് തെളിയിക്കുന്ന രേഖ എന്നിവ സഹിതം വില്ലേജ് ഓഫീസിലാണ് അപേക്ഷ നല്‍കേണ്ടത്. പട്ടയം നല്‍കുന്നത് സംബന്ധിച്ച വിവരശേഖരണം നടത്താന്‍ നടപടി സ്വീകരിക്കും. ശനിയാഴ്ച മലയോര മേഖലയിലെ വില്ലേജ് ഓഫീസര്‍മാരുമായി ചര്‍ച്ച നടത്തി ധാരണയിലെത്തും.
ഗവർണർ ഒപ്പിട്ടാൽ ഭൂമി തരംമാറ്റം വേഗത്തിലാവും
ഭൂമി തരംമാറ്റം സംബന്ധിച്ച നിയമ ഭേദഗതി മൂന്നു മാസം മുൻപ് ഗവർണർക്ക് സമർപ്പിച്ചതായി കെ. രാജൻ പറഞ്ഞു. നിയമ ഭേദഗതിയിൽ ഗവർണർ ഒപ്പുവച്ചാൽ 78 പേർക്ക് ഭൂമി തരംമാറ്റം അനുവദിക്കാനുള്ള അധികാരം ലഭിക്കും. നാലു മാസത്തിനുള്ളിൽ അപേക്ഷകളിന്മേൽ തീർപ്പ് കൽപ്പിക്കാൻ കഴിയും- മന്ത്രി കെ. രാജൻ പറഞ്ഞു.
മണല്‍ വാരല്‍ മാർച്ചിൽ പുനരാരംഭിക്കും: മന്ത്രി
കണ്ണൂർ: സംസ്ഥാനത്തെ നദികളില്‍നിന്നുള്ള മണല്‍ വാരല്‍ ഈ വര്‍ഷം തന്നെ പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. മലപ്പുറം ജില്ലയുടെ ഡിസ്ട്രിക്ട് സര്‍വേ റിപ്പോര്‍ട്ടിന് സ്റ്റേറ്റ് എന്‍വയോണ്‍മെന്റ് ഇംപാക്ട് അസസ്മെന്റ് അഥോറിറ്റി അംഗീകാരം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ കടലുണ്ടി, ചാലിയാര്‍ എന്നീ നദികളിലെ മണല്‍ ഖനനം ആരംഭിക്കുമെന്നു മന്ത്രി പറഞ്ഞു.
കണ്ണൂര്‍ റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള മണല്‍ വാരല്‍ നിയന്ത്രണ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരെ അധ്യക്ഷരാക്കിയുള്ള കടവ് കമ്മിറ്റികളെ പുനഃസംഘടിപ്പിച്ചാണു മണല്‍ വാരല്‍ പുനരാരംഭിക്കുക.
സംസ്ഥാനത്തെ 32 നദികളില്‍ നടത്തിയ സാന്റ് ഓഡിറ്റിംഗിന്റെ അടിസ്ഥാനത്തില്‍ കൊല്ലം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പത്തനംതിട്ട, എറണാകുളം എന്നീ എട്ട് ജില്ലകളിലാണു മണല്‍ഖനന സാധ്യതകളുള്ള സൈറ്റുകള്‍ കണ്ടെത്തിയത്.