ശാന്തൻപാറയിൽ കാട്ടാനശല്യം രൂക്ഷം
Sunday, February 25, 2024 12:13 AM IST
ഇടുക്കി: ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ പേതൊട്ടിയിൽ കാട്ടാനശല്യം അതിരൂക്ഷം. കഴിഞ്ഞ ഒരാഴ്ചയായി ഈ മേഖലയിലെ കൃഷിയിടങ്ങളിൽ കുട്ടിയാനകൾ അടക്കം എട്ടു കാട്ടാനകളാണ് ഭീതി പടർത്തുന്നത്. മതികെട്ടാൻ വനമേഖലയോട് ചേർന്നുള്ള ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിട്ട് വർഷങ്ങളായി.
കൃഷിയിടങ്ങളിൽനിന്ന് കാട്ടാനകൾ മടങ്ങാത്തതു മൂലം യാതൊരുവിധ ജോലികളും ചെയ്യാൻ പറ്റാത്ത സാഹചര്യത്തിലാണ് കർഷകർ. സാധാരണ രീതിയിൽ കൃഷിയിടത്തിൽ എത്തുന്ന കാട്ടാനകൾ ഒരു ദിവസത്തിനു ശേഷം മടങ്ങി പോകുന്നതാണ് പതിവ്. എന്നാൽ, ഒരാഴ്ചയായി ഇവ പോകാതെ കൃഷിയിടത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കുന്നതിനാൽ രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങാൻ പോലും പറ്റാത്ത ഭയപ്പാടിലാണ് പ്രദേശവാസികൾ.
ഏക്കർ കണക്കിന് കൃഷിനാശമാണ് കാട്ടാനകൾ വരുത്തിവച്ചി രിക്കുന്നത്. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളുടെ വിവിധ മേഖലകളിൽ കാട്ടാനകൾ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ തുടരുകയാണ്.