കോണ്ഗ്രസ് സമരാഗ്നി ജനകീയ പ്രക്ഷോഭയാത്ര 27 മുതൽ 29 വരെ തിരുവനന്തപുരത്ത്
Sunday, February 25, 2024 12:13 AM IST
തിരുവനന്തപുരം: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേതൃത്വം നൽകുന്ന ‘സമരാഗ്നി ’ ജനകീയ പ്രക്ഷോഭയാത്ര ചൊവ്വാഴ്ച തലസ്ഥാന ജില്ലയിൽ പ്രവേശിക്കും.
ഈ മാസം ഒന്പതിനു കാസർഗോഡു നിന്നാരംഭിച്ച ജാഥ 13 ജില്ലകളിലായി മുപ്പതോളം ജനകീയ പൊതുസമ്മേളനങ്ങളും, ജനങ്ങളുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചയ്ക്ക് വേദിയായ 13 ജനകീയ ചർച്ചകൾക്കും ശേഷമാണ് തിരുവനന്തപുരത്ത് എത്തുന്നത്.
വ്യാഴാഴ്ച വൈകുന്നേരം 4.30ന് സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും. അരലക്ഷം പ്രവർത്തകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പാലോട് രവി പറഞ്ഞു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എംപി, ഡോ. ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി, എം.എം. ഹസൻ, പി. വിശ്വനാഥൻ തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും.