പത്രസമ്മേളനത്തിനെത്താൻ വൈകി; വി.ഡി. സതീശനെതിരേയുള്ള കെ. സുധാകരന്റെ പദപ്രയോഗം വിവാദമായി
Sunday, February 25, 2024 12:13 AM IST
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ അസഭ്യ വാക്ക് പ്രയോഗിച്ച് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ‘സമരാഗ്നി’യുടെ ഭാഗമായി ആലപ്പുഴയിൽ വാർത്താസമ്മേളനത്തിൽ സതീശൻ എത്താൻ വൈകിയതാണ് സുധാകരനെ പ്രകോപിപ്പിച്ചത്. മൈക്ക് ഓണാണെന്നും കാമറയുണ്ടെന്നും ഓർമിപ്പിച്ച് ഷാനിമോൾ ഉസ്മാനടക്കമുള്ള നേതാക്കൾ സുധാകരനെ കൂടുതൽ സംസാരിക്കുന്നതിൽനിന്ന് പിന്തിരിപ്പിച്ചു.
സമരാഗ്നിയുടെ ഭാഗമായി വാർത്താസമ്മേളനം നടത്താനെത്തിയതായിരുന്നു സുധാകരൻ. ഡിസിസി പ്രസിഡന്റ് ബാബു പ്രസാദ്, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു. എന്നാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആലപ്പുഴ വൈഎംസിഎയിൽ എൻ.വി. പ്രഭു സ്മാരക ചെസ് ടൂർണമെന്റ് ഉദ്ഘാടന പരിപാടി ഉണ്ടായിരുന്നതിനാൽ പത്രസമ്മേളനത്തിന് എത്താൻ വൈകി.
തുടർന്ന് ബാബു പ്രസാദിനോട് സതീശൻ എവിടെയെന്ന് സുധാകരൻ തിരക്കി, തുടർന്നാണ് ഇയാൾ എവിടെ പോയി എന്നു പറഞ്ഞ് അസഭ്യ പദപ്രയോഗം നടത്തിയത്. സുധാകരന്റെ വാക്കുകൾ മേശപ്പുറത്തുണ്ട ായിരുന്ന മൈക്കുകളിലൂടെ ചാനൽ കാമറകളിൽ റിക്കാര്‍ഡ് ചെയ്യപ്പെട്ടിരുന്നു. ഇതോടെ ഷാനിമോൾ ഉസ്മാൻ ഇടപെട്ടു.
മൈക്ക് ഓണ്‍ ആണെന്ന് ഷാനിമോൾ ഉസ്മാനും പ്രസിഡന്റേ, കാമറയും ഓണാണെന്ന് ബാബു പ്രസാദും ഓർമിപ്പിച്ചു. പിന്നീട് സതീശൻ എത്തിയെങ്കിലും അദ്ദേഹത്തോട് സുധാകരൻ നീരസം പ്രകടിപ്പിച്ചില്ല.
ഇരുവരും പരസ്പരം സംസാരിക്കുകയും ഒന്നിച്ച് വാർത്താസമ്മേളനം നടത്തുകയും ചെയ്തു. 11.05നായിരുന്നു വാർത്താസമ്മേളനം നിശ്ചയിച്ചിരുന്നതെന്ന് പിന്നീടെത്തിയ പ്രതിപക്ഷ നേതാവ് സതീശൻ പ്രതികരിച്ചു.
സുധാകരന്റെ വിശദീകരണം
ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തെറിവാക്ക് പ്രയോഗിച്ചതിൽ വിശദീകരണവുമായി കെ. സുധാകരൻ എംപി. “എനിക്ക് പ്രതിപക്ഷ നേതാവിനോട് ഒരു ദേഷ്യവുമില്ല. സമയം വല്ലാതെ വൈകിയപ്പോൾ മാധ്യമങ്ങളോട് മര്യാദ കാണിച്ചില്ല എന്നെനിക്കു തോന്നി.
അതാണ് പ്രകടിപ്പിച്ചത്. അത് വ്യക്തിപരമായ പരാമർശമല്ല. ഞങ്ങൾ തമ്മിൽ ഒരു അഭിപ്രായ ഭിന്നതയുമില്ല. ഈ വിഷയത്തിൽ ഞാൻ സതീശനെതിരേ പ്രതികരിച്ചു എന്നതരത്തിൽ പ്രചാരണം കൊടുത്തത് ശരിയായില്ല. സതീശനും താനും ജ്യേഷ്ഠാനുജന്മാരെ പോലെയാണ്. സത്യത്തിൽ ഞാൻ പെട്ടന്നുണ്ടായ തോന്നൽ പ്രകടിപ്പിച്ചു എന്നുമാത്രമേയുള്ളൂ. അതിൽ ഞാൻ ഉറച്ചു നിൽക്കുന്നു. ഇതിൽ ഒരു വിവാദവുമില്ല. മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയത്”.