സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി20
Monday, February 26, 2024 3:06 AM IST
കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലെ ട്വന്റി20 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ അഡ്വ. ചാര്‍ളി പോളും എറണാകുളത്ത് അഡ്വ. ആന്റണി ജൂഡിയുമാണ് സ്ഥാനാര്‍ഥികള്‍. കിഴക്കമ്പലത്ത് നടന്ന സംഗമത്തിൽ പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
പ്രാസംഗികനും എഴുത്തുകാരനുമാണ് മലയാറ്റൂര്‍- നീലീശ്വരം സ്വദേശിയായ അഡ്വ. ചാര്‍ളി പോള്‍. സിഎല്‍സി സംസ്ഥാന പ്രസിഡന്റ്, കെസിഎസ്എല്‍ സംസ്ഥാന പ്രസിഡന്റ്, ഡിസിഎല്‍ സംസ്ഥാന സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നിലവില്‍ ജനസേവ ശിശുഭവന് പ്രസിഡന്റ്, കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന വക്താവ്, എറണാകുളം-അങ്കമാലി അതിരൂപത പ്രസിഡന്റ്, കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു.
തേവര സ്വദേശിയായ അഡ്വ. ആന്റണി ജൂഡി എല്‍എല്‍ബി, എല്‍എല്‍എം ബിരുധദാരിയാണ്. 2020-22 കാലത്ത് ഐസിവൈഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. നിലവില്‍ ദേശീയ പ്രസിഡന്റാണ്. 2023 ഡിസംബറില്‍ ദുബായില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയില്‍ നിരീക്ഷകനായി പങ്കെടുത്തു. 2023ല്‍ പോര്‍ച്ചുഗലില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ ഇന്ത്യയുടെ പതാകവാഹകനുമായിരുന്നു.