മുഖം രക്ഷിക്കാനാകാതെ പൂക്കോട് വെറ്ററിനറി കോളജ് അധികൃതർ
Saturday, March 2, 2024 12:54 AM IST
കൽപ്പറ്റ: ബിവിഎസ്സി രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥൻ സീനിയർ വിദ്യാർഥികളുടെ മർദനത്തിനും അധിക്ഷേപത്തിനും ഇരയായതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖം രക്ഷിക്കാനാകാതെ പൂക്കോട് വെറ്ററിനറി കോളജ് അധികൃതർ.
വിദ്യാർഥിയുടെ മരണം ഗൗരവത്തിലെടുക്കുന്നതിലും നടപടികൾ സ്വീകരിക്കുന്നതിലും കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണം ശക്തമാണ്. ഇതിനു മറുപടി പറയാൻ കഴിയാത്ത ദയനീയാവസ്ഥയിലാണ് സ്ഥാപന മേധാവികൾ.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സ്ഥാപന മേധാവിയെയും പ്രതി ചേർക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്നുയരുന്നുന്നുണ്ട്.
മരണം വിവാദമായതിനുശേഷമാണ് കോളജ് അധികൃതർ നടപടികളിലേക്ക് കടന്നത്. 22നാണ് 12 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്യപ്പെട്ടശേഷമായിരുന്നു ആറ് വിദ്യാർഥികൾക്ക് സസ്പെൻഷൻ.
പഠിതാക്കളിൽ ചിലരുടെ അഴിഞ്ഞാട്ടത്തിന് കോളജ് അധികൃതർ കുടചൂടുന്നതാണ് കാന്പസിനെ അനിഷ്ട സംഭവങ്ങൾക്ക് വേദിയാക്കുന്നതെന്ന ആരോപണവും ഡീൻ ഉൾപ്പെടെയുള്ളവരെ പൊള്ളിക്കുകയാണ്. ആരോപണങ്ങളുടെ ശരശയ്യയിലാണ് സർവകലാശാല അധികൃതരും.