സിദ്ധാർഥന്റെ ആത്മഹത്യ ; മൂന്നു പേർകൂടി അറസ്റ്റിൽ
Saturday, March 2, 2024 12:54 AM IST
കൽപ്പറ്റ: കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാന്പസിലെ ബിവിഎസ്സി ആൻഡ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർഥി നെടുമങ്ങാട് സ്വദേശി സിദ്ധാർഥന്റെ (21) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പേർകൂടി അറസ്റ്റിൽ. ഒരാൾ കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
കോളജ് യൂണിയൻ പ്രസിഡന്റ് മാനന്തവാടി താഴെ കണിയാരം കേളോത്ത് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ്കുന്ന് അമൽ ഇഹ്സാൻ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഇതിൽ അരുൺ, അമൽ ഇസ്ഹാൻ എന്നിവർ വ്യാഴാഴ്ച രാത്രി കേസ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ടി.എൻ. സജീവൻ മുന്പാകെ കീഴടങ്ങുകയായിരുന്നു.
മലപ്പുറം മഞ്ചേരി നെല്ലിക്കുത്ത് അമീൻ അക്ബർ അലി (25)യാണ് ഇന്നലെ കൽപ്പറ്റ സിജെഎം കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 11 ആയി. മറ്റു പ്രതികൾക്കായി ഊർജിതമായി അന്വേഷണം നടക്കുകയാണ്.
തിരുവനന്തപുരം സ്വദേശികളായ രെഹാൻ ബിനോയ് (20), എസ്.ഡി. ആകാശ് (22), ആർ.ഡി. ശ്രീഹരി (23), ഇടുക്കി സ്വദേശി എസ്. അഭിഷേക് (23), തൊടുപുഴ സ്വദേശി ഡോണ്സ് ഡായ് (23), ബത്തേരി സ്വദേശി ബിൽഗേറ്റ്സ് ജോഷ്വ (23), പട്ടാന്പി ആമയൂർ കോട്ടയിൽ കെ. അഖിൽ (28)എന്നിവരാണ് നേരത്തേ പിടിയിലായത്. ഏഴുപേർ ഒളിവിലാണ്.
സിദ്ധാർഥന്റെ മരണം വിവാദമായതിനെത്തുടർന്ന് പൂക്കോട് വെറ്ററിനറി കോളജ് അധികൃതർ സസ്പെൻഡ് ചെയ്ത 12 പേരിൽ ഉൾപ്പെട്ടതാണ് ഇവർ. ആദ്യം അറസ്റ്റിലായ ആറു പേരെക്കൂടി കോളജ് അധികൃതർ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തിയത്. കാന്പസിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ലോക പ്രണയദിനമായ 14 മുതൽ സീനിയർ വിദ്യാർഥികൾ സിദ്ധാർഥനെ ഉപദ്രവിച്ചിരുന്നു.
15ന് വീട്ടിലേക്കു പുറപ്പെട്ട സിദ്ധാർഥൻ ഫോണ് വിളിയെത്തുടർന്ന് യാത്ര എറണാകുളത്ത് അവസാനിപ്പിച്ച് കാന്പസിലേക്ക് മടങ്ങുകയായിരുന്നു. 16നും 17നും സീനിയർ വിദ്യാർഥികളിൽ ഒരു സംഘം സിദ്ധാർഥനെ മാനസികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.
18ന് ഹോസ്റ്റൽ അന്തേവാസികളായ മറ്റു വിദ്യാർഥികളുടെ സാന്നിധ്യത്തിൽ വിചാരണ ചെയ്തു. ഇതിനു പിന്നാലെയാണ് സിദ്ധാർഥനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥൻ മർദനത്തിനും മാനസിക പീഡനത്തിനും ഇരയായ വിവരം സഹപാഠികളിൽ ചിലർ മുഖേനയാണ് രക്ഷിതാക്കൾ അറിഞ്ഞത്. ഇതേത്തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സിദ്ധാർഥനുണ്ടായ ക്രൂരത കാന്പസിനു പുറത്തറിഞ്ഞത്.
റാഗിംഗ്, തടഞ്ഞുവയ്ക്കൽ, സംഘംചേർന്നു മർദനം, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങൾക്കാണ് വിദ്യാർഥികൾക്കെതിരേ കേസ്. എസ്എഫ്ഐ ബന്ധമുള്ളവരാണ് പ്രതികളിൽ ചിലർ. കാന്പസിൽ യുഡിഎഫ് അനുകൂല വിദ്യാർഥി സംഘടനകൾക്കു യൂണിറ്റില്ല.
സിദ്ധാർഥനെ ഒരു സംഘം വിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്നു രക്ഷിതാക്കൾ ആരോപിച്ചിരുന്നു. എന്നാൽ തൂങ്ങിമരണമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഫെബ്രുവരി 19ന് ബത്തേരി താലൂക്ക് ഗവ.ആശുപത്രിയിലായിരുന്നു പോസ്റ്റ്മോർട്ടം. മൂന്നു ദിവസം വരെ പഴക്കമുള്ള പരിക്കുകളാണ് സിദ്ധാർഥന്റെ ദേഹത്തു കണ്ടെത്തിയത്.
സിദ്ധാർഥനെതിരേ പരാതി നൽകിയത് മരണശേഷം
കൽപ്പറ്റ: സിദ്ധാർഥനെതിരേ സഹപാഠിയായ വിദ്യാർഥിനി പരാതി നൽകിയത് സിദ്ധാർഥൻ മരിച്ചതിന്റെ പിറ്റേന്ന്. 20നാണ് പരാതി ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിക്കു(ഐസിസി) ലഭിച്ചത്. മരണശേഷമായതിനാൽ സിദ്ധാർഥനു നോട്ടീസ് നൽകി പരാതി പരിശോധിക്കാൻ ഐസിസിക്കു കഴിഞ്ഞില്ല. വിദ്യാർഥിനിയുടെ പരാതിയിൽ അനുരഞ്ജനത്തിനു നിർദേശം ഉണ്ടായിരുന്നില്ല.
പരാതി ഫെബ്രുവരി 20നും 26നും ചേർന്ന ഐസിസി യോഗം പരിശോധിക്കുകയുണ്ടായി. പരാതിയുടെ ഉള്ളടക്കം കോളജ് അധികൃതർ പുറത്തുവിട്ടിട്ടില്ല. സിദ്ധാർഥന്റെ പെരുമാറ്റം സംബന്ധിച്ചാണ് പരാതിയെന്നാണു വിവരം.