ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥിനിക്ക് എൻസിസി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി
Sunday, March 3, 2024 12:45 AM IST
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനിക്ക് എന്‍സിസിയില്‍ ചേരാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ബിരുദപഠനത്തിന് പ്രവേശനം നേടിയ ഹിന ഹനീഫയ്ക്ക് എന്‍സിസിയില്‍ ചേരാനുള്ള തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയ സിംഗിള്‍ ബെഞ്ച് വിധിക്കെതിരേ കേന്ദ്രസര്‍ക്കാരും നാഷണല്‍ കേഡറ്റ് കോര്‍പ്സും നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് സി.എസ്. സുധ, ജസ്റ്റീസ് അമിത് റാവല്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വിജയിച്ചാല്‍ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രവേശനം നല്‍കണമെന്നും കോടതി വ്യക്തമാക്കി. യൂണിവേഴ്സിറ്റി കോളജിലെ എന്‍സിസി യൂണിറ്റില്‍ പ്രവേശനത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹിന കോടതിയെ സമീപിച്ചത്.
നാഷണല്‍ കേഡറ്റ്സ് കോര്‍പസ് ആക്ടിലെ ആറാം വകുപ്പ് പ്രകാരം ആണ്, പെണ് വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയില്‍ പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ കോളജില്‍ പ്രവേശനം നേടിയ ഹിനയെ സീനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നുമാണ് എന്‍സിസി അറിയിച്ചത്.