എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; എഴുതുന്നത് 4,27,105 പേർ
Sunday, March 3, 2024 12:45 AM IST
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എഎച്ച്എൽസി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്പത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ എഴുതും.
മാർച്ച് 4 മുതൽ 25 വരെയാണ് പരീക്ഷ. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും പരീക്ഷ എഴുതും. സർക്കാർ സ്കൂളുകളിൽ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ നിന്ന് 2,55,360 കുട്ടികളും അൺ എയ്ഡഡ് സ്കൂളുകളിൽ നിന്ന് 28,188 കുട്ടികളുമാണ് പരീക്ഷ എഴുതുക.
ഗൾഫ് മേഖലയിൽ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയിൽ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓൾഡ് സ്കീമിൽ (പിസിഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ.
ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്എസ്എസ് ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻഎസ്എസ്എച്ച്എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷണൽ എച്ച്എസ് (തലശേരി വിദ്യാഭ്യാസ ജില്ല), എൻഎസ്എസ്എച്ച്എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളിൽ ഓരോ കുട്ടികൾ വീതമാണ് പരീക്ഷ എഴുതുന്നത്.
ടിഎച്ച്എസ്എൽസി വിഭാഗത്തിൽ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആൺകുട്ടികൾ 2,732, പെൺകുട്ടികൾ 212). എഎച്ച്എസ്എൽസി വിഭാഗത്തിൽ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്.
ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ. കുട്ടികളുടെ എണ്ണം 60. എസ്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 29 പരീക്ഷാ കേന്ദ്രങ്ങളിലായി 224 പേരും ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിൽ 2 പരീക്ഷാ കേന്ദ്രങ്ങളിൽ എട്ടു കുട്ടികളും പരീക്ഷ എഴുതുന്നു.
സംസ്ഥാനത്തൊട്ടാകെ 70 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രിൽ 3 മുതൽ 12 വരെയാണ്.
രണ്ടാം ഘട്ടം ഏപ്രിൽ 15 മുതൽ 20 വരെ. മൂല്യനിർണയ ക്യാമ്പുകളിലേക്കുള്ള അഡീഷണൽ ചീഫ് എക്സാമിനർമാരുടേയും, അസിസ്റ്റന്റ് എക്സാമിനർമാരുടേയും നിയമന ഉത്തരവുകൾ 10 മുതൽ പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ലഭ്യമാകും.
കേന്ദ്രീകൃത മൂല്യനിർണയത്തിന് മുന്നോടിയായുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച് മൂന്നാം വാരത്തിൽ ആരംഭിക്കും.