മാസപ്പടി കേസിൽ വിജിലൻസ് കോടതി 19നു വിധി പറയും
Saturday, April 13, 2024 1:52 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും എതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി 19നു വിധിപറയും.
ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ കന്പനിക്ക് അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന് പണം ലഭിച്ചു എന്നാണ് മാത്യു കുഴൽനാടൻ എംഎൽഎയുടെ സ്വകാര്യ ഹർജിയിലെ ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടിയിൽ, അടക്കം ഏഴ് പേരാണ് കേസിലെ എതിർ കക്ഷികൾ. സിഎംആർഎൽ ഉടമ എസ്.എൻ. ശശിധരൻ കർത്ത, സിഎംആർഎൽ, കെഎംഎംഎൽ, ഇൻഡ്യൻ റെയർ എർത്ത്സ് (ഐആർഇ), എക്സാലോജിക് സൊലൂഷൻസ് എന്നിവരാണ് എതിർ കക്ഷികൾ.
ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും 2004ലെ സംസ്ഥാന ഉത്തരവും കേന്ദ്ര നിയമങ്ങളും എതിരായതിനാൽ ഖനനാനുമതി ലഭ്യമായിരുന്നില്ലെന്നു ഹർജിയിൽ പറയുന്നു.
കേരള ഭൂവിനിമയ ചട്ടപ്രകാരം ഈ ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കർത്തയുടെ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആർഎല്ലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനു ശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് റവന്യു വകുപ്പിനോട് കർത്തയുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ നിർദേശിച്ചതായും ഹർജിക്കാരൻ ആരോപിക്കുന്നു.
തോട്ടപ്പള്ളി സ്പിൽവേയുടെ അഴിമുഖത്തുനിന്ന് ഉദ്ദേശം 2000 കോടി രൂപ വിലയുള്ള ദശലക്ഷക്കണക്കിന് ടണ്‍ ഇൽമനൈറ്റും, 85,000 ടണ്‍ റൂട്ടൈലും ഖനനം ചെയ്തു. സർക്കാർ അധീനതയിലുളള കെഎംഎംഎല്ലിനാണ് ഖനനാനുമതിയെങ്കിലും കെഎംഎംഎല്ലിൽനിന്നു ക്യൂബിക്കിന് വെറും 464 രൂപ നിരക്കിൽ സിഎംആർഎൽ ഇവ സംഭരിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം.