മോന്സൻ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞുവീണു മരിച്ചു
Wednesday, April 17, 2024 11:52 PM IST
ചേര്‍ത്തല: റിട്ട.അധ്യാപിക ട്രഷറിയില്‍ പെന്ഷന് വാങ്ങാന്‍ വരി നില്ക്കുമ്പോള് കുഴഞ്ഞുവീണു മരിച്ചു.
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കലിന്റെ ഭാര്യ ചേര്‍ത്തല നഗരസഭ 26-ാം വാര്‍ഡ് വല്ലയില്‍ മാവുങ്കല്‍ ത്രേസ്യാമ്മ (മോന്‍സി-69) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ ചേര്‍ത്തല സബ് ട്രഷറിയിലാണ് ഇവര്‍ കുഴഞ്ഞുവീണത്. ട്രഷറി ജീവനക്കാര്‍ ഇടപെട്ട് ഇവരെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മൃതദേഹം ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ചേര്‍ത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്കരിക്കും. മക്കള്‍: മാനസ്, ഡോ. നിമിഷ.