മന്ത്രിമാർ ഇടഞ്ഞു; ആനകളെ വീണ്ടും പരിശോധിക്കില്ല
Thursday, April 18, 2024 1:55 AM IST
തിരുവനന്തപുരം: തൃശൂർ പൂരത്തിന് അണിനിരക്കുന്ന ആനകളെ വീണ്ടും പരിശോധിക്കാനുള്ള വനംവകുപ്പ് തീരുമാനത്തിനെതിരേ മന്ത്രിസഭയിൽ മന്ത്രിമാർ.
തെരഞ്ഞെടുപ്പു കാലത്ത് ആനകൾക്ക് കൂടുതൽ പരിശോധനകളും നിബന്ധനകളും ഏർപ്പെടുത്തുന്നത് തിരിച്ചടിയാകുമെന്നു തൃശൂരിൽനിന്നുള്ള മന്ത്രി കെ. രാജൻ പറഞ്ഞു. എന്നാൽ, സുരക്ഷ മുൻനിർത്തി രണ്ടാമതു പരിശോധന വേണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു.
മൃഗസംരക്ഷണ വകുപ്പിലെ സർജൻ പരിശോധിക്കുന്ന ആനകളെ വനം വകുപ്പ് പരിശോധിക്കേണ്ടതില്ലെന്ന ആവശ്യവുമായി മന്ത്രിസഭാ യോഗത്തിലും കൂടുതൽ മന്ത്രിമാർ രംഗത്തെത്തിയതോടെ മന്ത്രിസഭയ്ക്കു ശേഷം വനംമന്ത്രി എ.കെ. ശശീന്ദ്രനും റവന്യു മന്ത്രി കെ. രാജനുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിക്കുകയായിരുന്നു.