ഗൾഫ് വിമാന സർവീസുകൾ ഇന്നലെയും സാധാരണ നിലയിലേക്ക് എത്തിയില്ല
Friday, April 19, 2024 1:10 AM IST
നെടുമ്പാശേരി: കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ഗൾഫിൽനിന്നുള്ള വിമാന സർവീസുകൾ ഇന്നലെയും സാധാരണ നിലയിലേക്ക് എത്തിയില്ല. നെടുമ്പാശേരിയിൽനിന്നുള്ള അഞ്ച് സർവീസുകൾ ഇന്നലെ റദ്ദാക്കി. രണ്ട് വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.
ഇന്നലെ പുലർച്ചെ 2.45ന് നെടുമ്പാശേരിയിൽ എത്തേണ്ട ദോഹയിൽനിന്നുള്ള ഇൻഡിഗോ വിമാനവും 3.15ന് എത്തേണ്ട ഷാർജയിൽനിന്നുള്ള എയർ അറേബ്യ വിമാനവും വൈകിട്ട് 5.05ന് ദുബായിൽനിന്ന് എത്തേണ്ട ഇൻഡിഗോ വിമാനവുമാണ് സർവീസ് റദ്ദാക്കിയത്.
കൂടാതെ, ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിൽനിന്നു പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും 4.05ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി.
ഇന്നലെ വൈകിട്ട് 5.55ന് എത്തേണ്ട ദുബായിൽനിന്നുള്ള സ്പൈസ് ജെറ്റ് വിമാനം ഇന്ന് രാവിലെ 7.30നാണ് എത്തുക. ഇന്നലെ രാത്രി 10.30ന് ഇവിടെനിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം ഇന്ന് രാവിലെ 8.30ന് യാത്രതിരിക്കും.