കടത്തനാട്ടിൽ കച്ചമുറുക്കി സൈബര്‍ പോരാളികൾ!
Friday, April 19, 2024 3:58 AM IST
എം. ജയതിലകന്‍
കടത്തനാടന്‍ കളരിയില്‍ അടവുകള്‍ മാറി. വാളും പരിചയും ഉറുമിയും തെരഞ്ഞെടുപ്പിന്റെ അങ്കത്തട്ടില്‍നിന്നു വിടചൊല്ലി. സമൂഹമാധ്യമങ്ങളിലെ സൈബര്‍ വാളുകളിലാണ് ഇപ്പോള്‍ അങ്കം മുറുകുന്നത്. തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്ക്കുമ്പോള് വടകരയില്‍ സൈബര്‍ പോരാളികളുടെ കരുത്ത് മാറ്റുരയ്ക്കപ്പെടുകയാണ്.
കേസും കൂട്ടവുമായി സൈബറിടം നിറയുന്നു. തെരഞ്ഞെടുപ്പിലെ പ്രചാരണ രീതിതന്നെ മാറ്റിമറിച്ചതാണു സമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം. എല്ലാ മുന്നണികളും വലിയ തുക നല്കി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്താന്‍ പ്രഫഷണല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരാണ് ഇപ്പോള്‍ അരങ്ങ് കൊഴുപ്പിക്കുന്നത്.
വടകരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി കെ.കെ. ശൈലജയും യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും എന്‍ഡിഎയുടെ പ്രഫുല്‍ കൃഷ്ണനും ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടുന്നത് സൈബറിടത്തിലാണ്. എംഎല്‍എമാരായ ശൈലജ ടീച്ചറുടെയും ഷാഫി പറമ്പിലിന്റെയും പോരാട്ടം ഇഞ്ചോടിഞ്ചാണ്. മേല്‍ക്കൈ നേടാനുള്ള പതിനെട്ട് അടവുകളും പയറ്റുകയാണ് ഇരുവരും.
ടീച്ചറമ്മയുടെ വരവ്
കഴിഞ്ഞ പതിനഞ്ചു വര്‍ഷമായി യുഡിഎഫ് നെഞ്ചോടു ചേര്‍ത്ത വടകര പിടിച്ചെടുക്കുന്നതിനാണു സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ കെ.കെ. ശൈലജ ടീച്ചറെ സിപിഎം രംഗത്തിറക്കിയത്.
ടീച്ചര്‍ക്കുള്ള പൊതുസമ്മതിയും അംഗീകാരവും ഇവിടെ മാറ്റത്തിനു വഴിതുറക്കുമെന്ന വിലയിരുത്തലാണ് ഇതിനു നിദാനം. സംസ്ഥാനത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നിപയും കോവിഡും പിടിച്ചുനിര്‍ത്തിയതിലൂടെ ശൈലജ ടീച്ചര്‍ക്കു ലഭിച്ച ആഗോള പ്രശസ്തി വോട്ടായി മാറുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.
പ്രചാരണത്തില്‍ ഇടതുമുന്നണി മുന്നേറുന്നതിനിടെയാണു മണ്ഡലത്തില്‍പെട്ട പാനൂരില്‍ ബോംബു നിര്‍മാണത്തിനിടെ പൊട്ടിത്തെറിയുണ്ടായി സിപിഎം പ്രവര്ത്തകന് മരിച്ചത്. ബോംബ് നിര്‍മിച്ചതിന്റെ പേരിലുള്ള ചര്‍ച്ച ഇടതുപക്ഷത്തിനു തിരിച്ചടിയായി.
യുഡിഎഫ് ഇതിന്റെ പേരില്‍ വൻ പ്രചാരണം നടത്തി. അതിനിടെയാണ് ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം ആരംഭിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ടീച്ചറെ വ്യക്തിഹത്യ നടത്തുന്ന വിധത്തിലുള്ള ആക്രമണമാണ് നടക്കുന്നത്.
കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാരുടെ വ്യാജ ലെറ്റര്‍ ഹെഡില്‍ "ഇതു ടീച്ചറമ്മയല്ല ബോംബമ്മയാണ്' എന്ന് എഴുതി പ്രചരിപ്പിച്ചു. മുസ്ലിം ജനവിഭാഗം ആകെ മൊത്തം വര്‍ഗീയവാദികളാണെന്ന് ടീച്ചര്‍ പ്രസംഗിച്ചുവെന്ന വിധത്തിലുള്ള പ്രചാരണവും സൈബറിടത്തില്‍ നടന്നു. ഫോട്ടോ മോര്‍ഫ് ചെയ്തും അശ്ലീല പദങ്ങള്‍ ചേര്‍ത്തും ടീച്ചര്‍ക്കെതിരേ നീക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് മൂന്നു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മാസ് എന്‍ട്രിയുമായി ഷാഫി പറമ്പില്‍
തീര്‍ത്തും അപ്രതീക്ഷതമായാണു ഷാഫി പറമ്പില്‍ എംഎല്‍എ വടകരയില്‍ സ്ഥാനാര്‍ഥിയായി എത്തിയത്. സിറ്റിംഗ് എംപി കെ. മുരളീധരന് പ്രചാരണം തുടങ്ങി മുന്നേറുന്നതിനിടെ തൃശൂരിലേക്കു മാറിയതാണ് ഷാഫിക്കു നറുക്കുവീഴാന്‍ കാരണം.
യുവനേതാവെന്ന നിലയ്ക്കു ചെറുപ്പക്കാര്‍ക്കിടയില്‍ തരംഗം സൃഷ്ടിക്കാന്‍ ഷാഫിക്കു കഴിയുമെന്ന കണക്കുകൂട്ടലാണു യുഡിഎഫിനുള്ളത്. ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ഷാഫി വടകരയില്‍ എത്തിയപ്പോള്‍ വരവേല്‍ക്കാന്‍ ഉണ്ടായിരുന്നത്. പ്രചാരണത്തില്‍ ഇടതുസ്ഥാനാര്‍ഥിക്ക് ഒപ്പമെത്തിയില്ലെങ്കിലും ഷാഫിക്കു മണ്ഡലമാകെ ഇളക്കിമറിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
പാനൂരില്‍ ബോംബ് പൊട്ടി സിപിഎം പ്രവര്ത്തകന് മരിച്ചപ്പോള്‍ അവിടെ സമാധാന യാത്ര നടത്തി താരമാകാനും ഷാഫിക്കു കഴിഞ്ഞു. സ്ത്രീകളടക്കമുള്ള വോട്ടര്‍മാര്‍ സ്നേഹത്തോടെയാണ് ഷാഫിയെ എതിരേല്ക്കുന്നത്. അന്യതാബോധം ഇവിടെയില്ല.
ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കുശലം പറഞ്ഞും തോളില്‍ കൈയിട്ടും ഷാഫി അവരിലൊരാളായി മാറുകയാണ്. മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും മണ്ഡലത്തില്‍ നടപ്പാക്കിയ വികസനത്തിന്റെ പിന്തുടര്ച്ചയാണ് ഷാഫി അവകാശപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം തനിക്ക് അനൂകൂലമാവുമെന്ന് ഷാഫി കണക്കുകൂട്ടുന്നു.
നാട്ടുകാരുടെ ബലത്തില്‍ പ്രഫുല്‍ കൃഷ്ണന്
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്. പ്രഫുല്‍ കൃഷ്ണനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. വടകര കടമേരി സ്വദേശിയായ അദ്ദേഹം വടകര എസ്ജിഎംഎസ്ബി സ്കൂള്‍ അധ്യാപകനാണ്.
യുവതലമുറയ്ക്കിടയിലുള്ള വ്യക്തിബന്ധങ്ങളും കുടുംബ വോട്ടുകളുമെല്ലാം തനിക്ക് ഗുണം ചെയ്യുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മോദി സര്‍ക്കാറിന്റെ ഭരണ നേട്ടങ്ങളാണ് വോട്ടര്‍മാര്‍ക്കു മുന്നില്‍ അദ്ദേഹം ചര്‍ച്ചയാക്കുന്നത്. പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് എന്‍ഡിഎ നടത്തുന്നത്.