കാസർഗോട്ട് സംഭവിച്ചത്
Friday, April 19, 2024 3:59 AM IST
കാസര്‍ഗോഡ്: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ബുധനാഴ്ച കാസര്‍ഗോഡ് ഗവ. കോളജില്‍ നടന്ന മോക് പോളിലാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകള്‍ രേഖപ്പെടുത്തിയ സംഭവമുണ്ടായത്.
മോക് പോളിന്റെ ആദ്യറൗണ്ടില്‍ 190 വോട്ടിംഗ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ 10 ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമര്‍ത്തി പരീക്ഷിച്ചപ്പോള്‍ നാലു മെഷീനുകളില്‍ ബിജെപിക്ക് മാത്രം രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമായി.
ബിജെപിയുടെ ചിഹ്നത്തില്‍ അമര്‍ത്താതിരുന്നപ്പോഴും പാര്‍ട്ടിയുടെ കണക്കില്‍ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് ഈ മെഷീനുകള്‍ മാറ്റണമെന്ന് ഏജന്റുമാര്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് അസംബ്ലി മണ്ഡലം ഉപവരാണാധികാരി ബുധനാഴ്ച തന്നെ കാസര്‍ഗോഡ് ലോക്സഭാ മണ്ഡലം വരാധികാരിയും കാസര്‍ഗോഡ് കളക്ടറുമായ കെ. ഇമ്പശേഖറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വിവിപാറ്റ് പരിശോധനാ വേളയില്‍ മെഷീന് സ്ലിപ്പില്‍ അപാകതയുണ്ടെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി. ബാലകൃഷ്ണന്റെ ഏജന്റ് എ. രവീന്ദ്രനില്നിന്നു പരാതി ലഭിച്ചിട്ടുള്ളതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
VVTED 41294, VVTEF822139, VVTEJ14797, VVTED49299 എന്നീ ഇവിഎമ്മുകള്‍ സ്വിച്ച് ഓണ്‍ ചെയ്തു കഴിയുമ്പോള്‍ സെല്‍ഫ് ചെക്കിംഗ് നടക്കുന്ന അവസരത്തില്‍ വിവിപാറ്റില്‍ സാധാരണ പ്രിന്റ് ചെയ്തു വരുന്ന സ്ലിപ്പുകള്‍ കൂടാതെ, നമ്പര്‍ ഒന്ന് -നോട്ട് ടു ബി കൗണ്ടഡ്, 2. സ്റ്റാൻഡേഡൈസേഷന് ഡണ്‍, വിവി പാറ്റ് സീരിയല്‍ നമ്പര്‍ എന്നിവയുടെ താഴെ ബാലറ്റിലെ ഒന്നാമത്തെ സ്ഥാനാര്‍ഥിയുടെ ചിഹ്നം ഉള്‍പ്പെടെ സ്ലിപ്പ് പ്രിന്റ് ചെയ്തു ലഭിക്കുന്നുണ്ട്. ഈ സ്ലിപ്പ് സാധാരണ മോക്ക് പോള്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവിപാറ്റ് സ്ലിപ്പിനേക്കാള് കൂടുതല്‍ നീളം ഉള്ളവയാണെന്നു കാണുന്നുവെന്നും ഉപവരണാധികാരി നല്കിയ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നു.
ഇതേത്തുടർന്ന് ഭാരത് ഇലക്ട്രോണിക് മെഷീന് എന്‍ജിനിയര്‍മാരായ പവന്‍കുമാര്‍ മിശ്രയും ശിവം യാദവും പരിശോധിച്ചിരുന്നു. തുടര്‍ന്ന് VVTED49299 ല്‍ 1000 വോട്ടുകള്‍ രേഖപ്പെടുത്തി പരിശോധിച്ച് അപാകത പരിഹരിച്ചു. VVTED 41294, VVTEJ14797 എന്നീ മെഷീനുകള്‍ തകരാര്‍ പരിഹരിക്കാത്തതിനാല്‍ ഒഴിവാക്കിയതായും കാസര്‍ഗോഡ് ലോകസഭാ മണ്ഡലം വരണാധികാരി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.