വാഹന പരിശോധനയിൽ പിഴ ചുമത്തിയില്ല ; അഞ്ചു ജില്ലകളിൽ സർക്കാരിന് നഷ്ടം 43 ലക്ഷം
Friday, May 17, 2024 2:06 AM IST
റെനീഷ് മാത്യു
കണ്ണൂർ: വാഹന പരിശോധന നടത്തിയ സമയത്ത് പ്രധാന കുറ്റത്തിന് പിഴ ചുമത്താതെ ചെറിയ കുറ്റങ്ങൾക്കു മാത്രം പിഴ ചുമത്തിയതിലൂടെ 43.41 ലക്ഷം രൂപ സർക്കാരിനു നഷ്ടം വരുത്തിയതായി അക്കൗണ്ടന്റ് ജനറൽ നടത്തിയ റോഡ് സുരക്ഷാ ഓഡിറ്റിൽ കണ്ടെത്തി.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ മാത്രം ഓഡിറ്റ് നടത്തിയപ്പോഴാണ് 43 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. അഞ്ചു ജില്ലകളിലെ 2018 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിലെ ആറു ലക്ഷത്തോളം ഇ-ചെലാൻ മാത്രം പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഇത്രയും വലിയ സാന്പത്തിക നഷ്ടം കണ്ടെത്തിയത്.
മോട്ടോർ വാഹന ചട്ടങ്ങൾ അനുസരിച്ച് ഒരു സ്വകാര്യ വാഹനം രജിസ്ട്രേഷന് കാലാവധി കഴിഞ്ഞു റോഡിൽ ഓടിയാൽ 3,000 രൂപ പിഴ അടപ്പിക്കണം. ട്രാൻസ്പോർട്ട് വാഹനം ഫിറ്റ്നസ് ഇല്ലാതെ ഓടിയാൽ മുച്ചക്ര വാഹനത്തിന് 2000, ലൈറ്റ് മോട്ടോർ വെഹിക്കിളിന് 3000, മീഡിയം വാഹനത്തിന് 4000, ഹെവി വാഹനത്തിന് 5000 എന്ന നിരക്കിൽ പിഴ അടപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ നിയമങ്ങൾ പാലിക്കാതെ മറ്റു ചെറിയ പിഴ ഈടാക്കി വാഹനങ്ങൾ വിട്ടയച്ചുവെന്നാണ് കണ്ടെത്തൽ.
പരിശോധനാ സമയത്തു ഫിറ്റ്നസ് ഇല്ലായിരുന്ന 819 ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് കഴിഞ്ഞതിനുള്ള പിഴ അടപ്പിക്കുന്നതിന് പകരം ഓവർ ലോഡ്, പെർമിറ്റ് തീർന്നത്, ലൈസൻസ് ഇല്ലാത്തത് തുടങ്ങിയ കുറ്റങ്ങൾക്ക് മാത്രമാണ് പിഴ ഈടാക്കിയത്. ഇതിലൂടെ 24,12,000 രൂപയാണ് സർക്കാരിന് നഷ്ടപ്പെട്ടത്.
അതേപോലെ 640 സ്വകാര്യ വാഹനങ്ങൾക്ക് പരിശോധനാ സമയത്ത് രജിസ്ട്രേഷൻ കാലാവധി തീർന്നിരുന്നുവെങ്കിലും ആ കുറ്റത്തിനു പിഴ അടപ്പിച്ചില്ല. പകരം സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, ലൈസൻസ് ഇവ ഇല്ലാത്തതിന്റെ പേരിൽ ചുരുങ്ങിയ പിഴ ഈടാക്കി വിടുകയായിരുന്നു. ഇക്കാരണത്താൽ ഖജനാവിലേക്ക് ലഭിക്കേണ്ടിയിരുന്ന 19,29,000 ലക്ഷം രൂപയാണ് നഷ്ടമായത്. ആകെ പിഴ ഈടക്കാതെ പോയത് 43,41,000 രൂപയാണ്.
കേരള റോഡ് സേഫ്റ്റി അഥോറിറ്റി ആക്ട് അനുസരിച്ചു നിയമലംഘനം നടത്തുന്ന വാഹനങ്ങളിൽനിന്ന് ഈടാക്കുന്ന പിഴ ത്തുകയുടെ 50 ശതമാനം റോഡ് സുരക്ഷാ ഫണ്ടിലേക്കാണു പോകുന്നത്. 43.41 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നെങ്കിൽ അതിന്റെ പകുതി 21,70,500 രൂപ റോഡ് സുരക്ഷാ ഫണ്ടിലേക്കു ലഭിക്കുമായിരുന്നു.
അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ടിൽ മറുപടി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് അഞ്ച് ആർടിഒമാർക്ക് അയച്ചുകൊടുത്തതല്ലാതെ ഏതൊക്കെ ഉദ്യോഗസ്ഥരാണ് പിഴ അടപ്പിക്കാതെ വാഹനം വിട്ടത് എന്നു കണ്ടെത്താനോ അവർക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിക്കാനോ ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശിച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
ചില ഉദ്യോഗസ്ഥർ ഒന്നിലധികം കുറ്റങ്ങളുള്ള വാഹനം കണ്ടെത്തിയാൽ ഒരെണ്ണത്തിന് പിഴ അടപ്പിച്ചു ബാക്കി വിലപേശി ഒത്തു തീർപ്പാക്കുന്ന പതിവുണ്ടെന്നാണു വിലയിരുത്തൽ.