നവജാത ശിശുവിന്റെ കൊലപാതകം: യുവതിയുടെ സുഹൃത്തിനെതിരേ കേസെടുത്തു
Friday, May 17, 2024 2:06 AM IST
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഫ്ളാറ്റില്‍നിന്നു വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ യുവതിയുടെ ആണ് സുഹൃത്തിനെതിരേ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
വിവാഹ വാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസ്. സംഭവം നടന്നത് തൃപ്പൂണിത്തുറയിലായതിനാല് സൗത്ത് പോലീസ് കേസിന്റെ തുടര്‍നടപടികള്‍ക്കായി തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിനു കൈമാറി.
തൃശൂര്‍ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം യുവാവിന് അറിയാമായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നല്‍കിയിരുന്നു.
ഗര്‍ഭിണിയായതോടെ യുവാവ് പിന്മാറുകയായിരുന്നുവെന്നാണു മൊഴി. ഗര്‍ഭിണിയാണെന്നതു തിരിച്ചറിയാന്‍ വൈകിയെന്നും അതിനാല്‍ ഗര്‍ഭഛിദ്രം നടത്താന്‍ സാധിച്ചില്ലെന്നും യുവതി പോലീസിനോടു പറഞ്ഞിരുന്നു.
കഴിഞ്ഞ മൂന്നിനാണ് പനമ്പിള്ളിനഗറിലുള്ള അപ്പാര്‍ട്ട്മെന്റിനു മുന്നിലുള്ള റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചു പോലീസ് നടത്തിയ പരിശോധനയില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ലാറ്റുകളിലൊന്നില്നിന്നു താഴേക്ക് എറിഞ്ഞതാണെന്നു കണ്ടെത്തി. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അഞ്ചാം നിലയില്‍ താമസിക്കുന്ന യുവതി അറസ്റ്റിലായത്. പുലര്‍ച്ചെ അഞ്ചോടെ വീട്ടിലെ കുളിമുറിയില്‍ പ്രസവിച്ച യുവതി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിയുകയായിരുന്നു.